ഇവിടെ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങൾ way2light114@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.

Friday, July 29, 2016

ഇരുണ്ട കാലത്തിലെ സൂര്യന്‍ !!

"എന്ത് ക്രൂരന്മാരാണിവര്‍, കാടന്മാര്‍, പ്രാകൃതര്‍, ഭീകരര്‍, ഗോത്രവര്‍ഗ്ഗനിയമങ്ങളും പേറി നടക്കുന്നവര്‍. ഇവര്‍ ഈ സമൂഹത്തിനു തന്നെ ആപത്താണ്. ഈ മതം തന്നെ ഇവിടെ ഇല്ലാതാവുകയാണ് മനുഷ്യന് നല്ലത്"

അന്ന് രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ അയാളുടെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെയായിരുന്നു. ഫെയ്സ്ബുക്കിലെ ചില "പ്രത്യേക" ഗ്രൂപ്പുകളില്‍ സജീവ മെമ്പര്‍ ആണയാള്‍. അവിടെ നിന്നാണ് ഇസ്ലാം എന്ന മതത്തോടും മുസ്ലിം സമൂഹത്തോടും അയാള്‍ക്ക്‌ ഇത്രയും വെറുപ്പ്‌ വന്നത്. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു !!

'ഇല്ല.. ഇനി മേലാല്‍ ഞാന്‍ മുസ്ലിംകളുടെ ഒരു സഹായവും തേടില്ല. അവരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കില്ല. അവരുടെ ഒരു തരത്തിലുള്ള സഹായവും ഇല്ലാതെ ഒരാള്‍ക്ക്‌ ഇവിടെ ഒരു അല്ലലുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കും. അല്ലെങ്കിലും ലോകത്തിനു ഒരു സംഭാവനയും നല്‍കാത്ത അവരുടെ സഹായം തനിക്കെന്തിനു.? താന്‍ തുടങ്ങി വയ്ക്കുന്നത് ഒരു വിപ്ലവമാണ്.. തന്‍റെ ഈ തീരുമാനം ജനം ആവേശത്തോടെ ഏറ്റെടുക്കും. അങ്ങനെ ഈ കാടന്‍ ക്രൂര പ്രാകൃത മതത്തെ തന്നെ ഇല്ലാതാക്കാന്‍ ഒരു പക്ഷെ തന്‍റെ ഈ തീരുമാനത്തിന് കഴിയും.. ഇല്ല ഇനി മേല്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും താന്‍ സ്വീകരിക്കില്ല. അവരുമായി ബന്ധപ്പെട്ട ഒന്നും തനിക്കു വേണ്ട..!!'

നാളെ രാവിലെ മുതല്‍ താന്‍ ഒരു പുതിയ വിപ്ലവം ആരംഭിക്കുകയാണ് എന്ന അഭിമാനത്തോടെ അയാള്‍ ഉറങ്ങി.. ഉറക്കത്തില്‍ ബ്രേവ് ഹാര്ട്ടിലെ വില്ല്യം വാലസിനെ സ്വപ്നം കണ്ടു കൊണ്ട് കിടക്കവേ ഭാര്യയുടെ സ്നേഹത്തോടെയുള്ള വിളി അയാളുടെ ഉറക്കം ഭഞ്ജിച്ചു. നേരം വെളുത്തിരിക്കുന്നു.. അത്യധികം സന്തോഷത്തോടെയാണ് അയാള്‍ കണ്ണു തുറന്നത്. മുമ്പില്‍ പുഞ്ചിരി തൂകി കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയും ആയി നില്‍ക്കുന്ന ഭാര്യ. അയാള്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഇന്നെന്തോ നല്ല ഉഷാര്‍. പുതിയ തീരുമാനത്തിന്‍റെ ശക്തിയാകും. ഭാര്യയുടെ കയ്യില്‍ നിന്നും ബെഡ് കോഫി വാങ്ങി കൊണ്ട് കുടിക്കാന്‍ ചുണ്ടോടടുപ്പിച്ചതും പെട്ടെന്ന് അശരീരി പോലൊരു ശബ്ദം..!!

"ഖാലിദ് എന്ന് പേരുള്ള ഒരു മുസ്ലിം 1200 വര്ഷം മുമ്പ് കണ്ടു പിടിച്ചതാണ് കോഫി.. മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും ഇനി സ്വീകരിക്കില്ല എന്ന നിന്‍റെ ശപഥം നീ മറന്നോ സുഹൃത്തേ !!"

പ്ലിംഗ്.... നോക്കിയപ്പോള്‍ കപ്പില്‍ നിന്നാണ് ആ ശബ്ദം വരുന്നത്.. 'കുടുങ്ങിയോ? കാപ്പി മുസ്ലിം സംഭാവനയായിരുന്നോ?? ഇനി ആണെങ്കിലും അല്ലെങ്കിലും തന്‍റെ ശപഥത്തിനു ഒരു മാറ്റവും ഇല്ല. ഇനി മുതല്‍ കാപ്പി ഞാന്‍ വര്‍ജ്ജിക്കുന്നു. കാപ്പി ഇല്ലാതെ ജീവിക്കാന്‍ ആകുമെന്ന് ഞാന്‍ തെളിയിക്കും' ഇങ്ങനെ മനസ്സില്‍ പറഞ്ഞു കൊണ്ട് കപ്പ് അവിടെ തന്നെ വച്ച് അയാള്‍ ബാത്ത്റൂമിലേക്ക്‌ പോയി. ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷില്‍ തേക്കാന്‍ തുടങ്ങിയപ്പോള്‍ അതാ വീണ്ടും ആ ശബ്ദം. ഇത്തവണ ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്നും.. "സിര്യബ് എന്ന് പേരുള്ള ഒരു മുസ്ലിം ഫാഷന്‍ ഡിസൈനര്‍ കണ്ടു പിടിച്ച ടൂത്ത് പേസ്റ്റ് ആണ് സ്പയിനിലും അത് വഴി യുറോപ്പിലും പിന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരം നേടിയത്.. നിന്‍റെ ശപഥം മറക്കാതിരിക്കുക..!!"

'ദൈവമേ, പേസ്റ്റും മുസ്ലിം സംഭാവനയോ??' എന്തായാലും തോറ്റ് കൊടുക്കാന്‍ അയാള്‍ തയ്യാറല്ലാത്തത് കൊണ്ട് വെറും ബ്രഷ് കൊണ്ട് പല്ല് തേച്ചു. പേസ്റ്റ് ഇല്ലാത്തത് കൊണ്ട് തനിക്കു ഒരു നഷ്ടവും വരാനില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ കുളിക്കാന്‍ ആരംഭിച്ചു. സോപ്പ് എടുത്തതും വീണ്ടും ശബ്ദം "ഒലീവ് ഓയിലും ആല്‍ക്കലിയും ഉപയോഗിച്ച് മുസ്ലിം ലോകത്ത് നിര്‍മ്മാണം ആരംഭിച്ച സോപ്പ് ആണ് പിന്നീട് ലോകത്ത് പ്രചാരം നേടിയത്. സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കലി പോലും അല്‍ഖലി എന്ന അറബി വാക്കില്‍ നിന്ന് വന്നതാണ്" അയാള്‍ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. സോപ്പ് ഉപയോഗിക്കാതെ കുളിച്ചു കൊണ്ട് പതിയെ അയാള്‍ പുറത്തിറങ്ങി. ഇപ്പോള്‍ അയാളുടെ മുഖത്ത് രാവിലെ കണ്ട അത്ര സന്തോഷമില്ല.

അയാള് സമയം അറിയാനായി ക്ലോക്കിലേക്ക് നോക്കി.. അയാള് ഞെട്ടിപ്പോയി.. ക്ലോക്കിൽ ഒന്നും കാണിക്കുന്നില്ല പകരം അവിടെ നിന്നും ഒരു ശബ്ദം.. "പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'റോബോട്ടികസിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്ന അൽ ജസരി ആണ് ഓട്ടോമാറ്റിക് ക്ലോക്കുകൾക്ക് തുടക്കം കുറിച്ചത്..". 'ങേ. ക്ലോക്കും പോയോ??' അയാളുടെ മുഖം ആകെ വിളറി വെളുത്തിരിക്കുന്നു ഇപ്പോൾ.. എങ്കിലും അത് പുറത്തു കാണിക്കാതെ അയാള്‍ ടേബിളില്‍ കിടന്നിരുന്ന ന്യൂസ്പേപ്പര്‍ എടുക്കാനായി കൈ നീട്ടി. വീണ്ടും ആ ശബ്ദം "ലോകത്ത് ആദ്യമായി പേപ്പര്‍ മില്ലുകള്‍ സ്ഥാപിച്ചത് മുസ്ലിം ലോകമായ ബാഗ്ദാദില്‍ ആണ്. എട്ടാം നൂറ്റാണ്ടില്‍.. ചൈനീസ് തടവുകാരില്‍ നിന്നും പേപ്പര്‍ നിര്‍മ്മാണം പഠിച്ച മുസ്ലിംകള്‍ ആണ് യുറോപ്പിലും അത് വഴി ലോകത്ത് മുഴുവനും പേപര്‍ ഉപയോഗത്തിന് പ്രചാരം ഉണ്ടാക്കിയത്".. 'ദൈവമേ.. ഇനിയെന്ത് ചെയ്യും? തന്‍റെ ശപഥം താന്‍ നിത്യവും ചെയ്യുന്ന പല കാര്യങ്ങളില്‍ നിന്നും തടയുന്നു. ഇതിപ്പോ രാവിലെ തുടങ്ങിയിട്ടേയുള്ളൂ.. ഇനിയൊന്നും ഉണ്ടാവല്ലേ ദൈവമേ' എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു അയാള്‍ വസ്ത്രം മാറാന്‍ ആരംഭിച്ചു.. പെര്‍ഫ്യൂം അടിക്കാന്‍ തുടങ്ങിയതും ദാ വീണ്ടും.. "പെര്ഫ്യൂമിലെ മുസ്ലിം സംഭാവനകള്‍ വളരെ വലുതാണ്‌. ജാബിര്‍ ബിന്‍ ഹയ്യാനും അല്‍ കിന്റിയും ഇബ്ന്‍ സിനയും എല്ലാം വളര്‍ത്തിയ പെര്‍ഫ്യൂം ഇന്ടസ്ട്രി ആണ് പടിഞ്ഞാറിലേക്ക് ആകര്ഷിക്കപ്പെട്ടതും അങ്ങനെ ലോകത്ത് പ്രചാരം നേടിയതും". ആകെ ഒരു വയറിളക്കം പിടിച്ചവനു ടോയ്ലറ്റ് കിട്ടാത്ത അവസ്ഥ പോലെയാണ് ഇപ്പോള്‍ അയാളുടെ മുഖം. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഒന്ന് കൂടി വസ്ത്രം നേരെയാക്കി പോകറ്റില്‍ പേനയും വച്ച് അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും പേന അയാളുടെ പോക്കറ്റില്‍ നിന്നും താഴേക്കു തന്നെ ചാടി. ശബ്ദം വീണ്ടും.. "പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ സുല്‍ത്താനായ അല്‍ മുഇസിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഒരു ജോലിക്കാരന്‍ ആണ് ലോകത്തില്‍ ആദ്യമായി ഫൗണ്ടയിന്‍ പെന്‍ നിര്‍മ്മിച്ചത്. മഷിയില്‍ മുക്കി എഴുതുന്ന പേനയില്‍ നിന്നും വ്യത്യസ്തമായി മഷി സ്വയം അടങ്ങുന്ന, പേപ്പറില്‍ മുന തട്ടിയാല്‍ മാത്രം മഷി വരുന്ന ആധുനിക പെന്‍ തുടങ്ങിയത് അവിടെ നിന്നാണ്". അങ്ങനെ പേനയും പോയി. ദിവസം തുടങ്ങിയിട്ടെയുള്ളൂ.. അപ്പോള്‍ തന്നെ ഇങ്ങനെ? ഇനി എന്തൊക്കെ നഷ്ടപ്പെടുമോ ആവോ? എന്തായാലും കാപ്പി, പേന, സോപ്പ്, ചീപ്പ് പോലുള്ള നിസ്സാരകാര്യങ്ങളല്ലേ ഇവര്‍ സംഭാവന ചെയ്തിട്ടുല്ലോ. അതു ഉപേക്ഷിക്കുന്നത് കൊണ്ട് വലിയ നഷ്ടമൊന്നുമുണ്ടാവില്ല. ശപഥം തുടരുക തന്നെ എന്ന ദൃഡനിശ്ചയത്തില്‍ അയാള്‍ വീട്ടില്‍ നിന്നും പെട്ടിയുമായി കാറും എടുത്തു പോയി... ഭാര്യയോടും മക്കളോടും ഒന്നും പറയാതെ ആണ് ഇറങ്ങി പോയത്. മറന്നു കാണും. എന്തോ സാധാരണ അങ്ങനെ മറക്കാറില്ല. ഇന്നെന്തു പറ്റിയോ ആവോ?

ഡ്രൈവ് ചെയ്തു പോകുമ്പോള്‍ അയാള്‍ ചിന്താമഗ്നനായിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പറയാന്‍ മറന്നു, അയാള്‍ ഒരു ഡോക്ടര്‍ ആണ്. പ്രഗല്‍ഭനായ ഒരു സര്‍ജനും. ഇന്ന് ഒരു സര്‍ജറി ഉണ്ട്. അതിനാല്‍ തല്‍ക്കാലം തന്‍റെ ആശങ്കകളും ആകുലതകളും മാറ്റി വച്ചേ തീരൂ' അയാള്‍ സര്‍ജിക്കല്‍ ഗൌണും മാസ്കും ധരിച്ചു കൊണ്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറി. പെട്ടെന്ന് അതാ അയാളുടെ കാതടപ്പിക്കുന്ന ഒരു ശബ്ദം തിയേറ്ററിന്റെ അകത്തു നിന്നും.. "അല്‍ സഹ്റാവി- ഫാദര്‍ ഓഫ് മോഡേണ്‍ സര്‍ജറി..!!!" പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രജ്ഞനായ അല്‍ സഹ്റാവിയാണത്രേ ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. അവിടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ പലതും അയാളെ നോക്കി പരിഹാസ ചിരിയോടെ വിളിച്ചു പറഞ്ഞു.. "ഇതെല്ലാം കണ്ടു പിടിച്ചത് സഹ്റാവി തന്നെ. കാറ്റ്ഗട്ടും ആധുനിക രീതിയിലുള്ള സ്യൂച്ചേര്സും ലോകത്തിനു പഠിപ്പിച്ചതും അദ്ദേഹം തന്നെ. അതിനാല്‍ നിനക്ക് നിന്റെ ശപഥത്തെ നിലനിര്‍ത്തണമെങ്കില്‍ ഇവിടെ നിന്നിറങ്ങി പോവുക" അയാളുടെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഒന്നും ഉരുയിടാതെ അയാള്‍ വേഗത്തില്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി തന്‍റെ കാബിനില്‍ പോയി ഇരുന്നു. അപ്പോഴതാ പുതിയ പ്രശ്നം. കാബിനിലെ ചുവരില്‍ തൂക്കിയ 'ബ്ലഡ് സര്‍ക്കുലേഷന്റെ ഒരു ചാര്‍ട്ട് അയാളെ നോക്കി വിളിച്ചു പറയുന്നു. "സുഹൃത്തേ, പള്‍മനറി സര്‍ക്കുലേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു ആദ്യമായി നല്കിയതും ഒരു മുസ്ലിം ആണ് കേട്ടോ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുല്‍ നഫീസ്". ദയനീയമായ മുഖത്തോടെ അല്‍പ്പനേരം അയാള്‍ ആ ചിത്രത്തിലേക്ക് നോക്കി. എന്നിട്ട് ക്രോധത്തോടെ അത് ചുവരില്‍ നിന്നും വലിച്ചു കീറി കാബിനില്‍ നിന്നും ഇറങ്ങി. പെട്ടെന്നതാ ഹോസ്പിറ്റല്‍ മൊത്തം മുഴങ്ങുന്ന, കര്‍ണ്ണകഠോരമായ ഒരു ശബ്ദം. "പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവിസെന്ന എന്ന ഇബ്നു സിന ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം മുസ്ലിമും ഒരു ഖുറാന്‍ പണ്ഡിതനുമായിരുന്നു. വൈദ്യശാസ്ത്രം പൂര്‍ത്തീകരിച്ച ആള്‍ എന്നാണു അദ്ദേഹത്തെ യുറോപ്പ്യന്‍സ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും ഒരു നല്ല ഡോക്ടര്‍ ആവണമെന്നുണ്ടെങ്കില്‍ അയാള്‍ നല്ലൊരു അവിസെന്നിസ്റ്റ് ആയിരിക്കണം' എന്ന ഒരു പഴയ യുറോപ്പ്യന്‍ ചൊല്ല് തന്നെയുണ്ടായിരുന്നു. അതിനാല്‍ നിനക്ക് നിന്‍റെ ശപഥം നിലനിര്‍ത്തണമെങ്കില്‍ നീ ഈ ജോലി തന്നെ രാജി വച്ച് ഇവിടെ നിന്നും ഇറങ്ങി പോവുക..!!". ഇരുകൈകള്‍ കൊണ്ടും തന്‍റെ കാതുകള്‍ മുറുകെ പൊത്തി പിടിച്ചു കൊണ്ട് ഇറങ്ങിയോടുന്ന അയാളെ അമ്പരപ്പോടെ ആണ് ആളുകള്‍ നോക്കിയത്..

തന്‍റെ ശപഥം ഇപ്പോള്‍ തന്‍റെ കരിയര്‍, തന്‍റെ ജീവിതം തന്നെ നശിപ്പികുന്നതായി അയാള്‍ക് തോന്നി. ഇനിയെന്താണ് ചെയ്യേണ്ടത്? അറിയില്ല. കേട്ടതൊന്നും ശരിയായിരുന്നില്ലേ? എന്തായാലും മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ. തോല്‍ക്കാന്‍ താന്‍ തയ്യാറല്ല. അല്ലെങ്കിലും പട്ടുമെത്തയില്‍ സുഖിച്ചു കിടന്നു കൊണ്ട് ആരാണ് വിപ്ലവം നയിച്ചിട്ടുള്ളത്?'. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് അയാള്‍ ഡ്രൈവ് ചെയ്യുകയാണ്. ബാങ്ക് എത്തിയപ്പോള്‍ വണ്ടി നിറുത്തി. കഴിഞ്ഞ മാസം സാലറി കിട്ടിയ ചെക്ക് മാറണം. അയാള്‍ ബാങ്കിലേക്ക് പ്രവേശിച്ചു ടോക്കണ്‍ എടുത്തു. തന്‍റെ ഊഴം വന്നപ്പോള്‍ പോക്കറ്റില്‍ നിന്നും ചെക്ക് എടുത്തു കൊണ്ട് മുന്നോട്ടു പോയി. പെട്ടെന്നതാ ആ ശബ്ദം വീണ്ടും "ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം ലോകം ആണ് ചെക്ക് സമ്പ്രദായം ലോകത്ത് കൊണ്ട് വന്നത്. 'സക്ക്' എന്ന അറബി പദത്തില്‍ നിന്നാണ് ചെക്ക് എന്നാ വാക്ക് വന്നത് തന്നെ". കയ്യിലുള്ള ചെക്ക് വലിച്ചു കീറി കൊണ്ട് അലറിയ അയാളെ ആ ബാങ്കുകാര്‍ കോളറിനു പിടിച്ചു പുറത്താക്കാതെ ഒരു ഗ്ലാസ് വെള്ളം കൊടുത്തു മാനേജരുടെ കാബിനില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു ഇരുത്തിയത് സ്ഥിരം കസ്ടമര്‍ ആണെന്ന ഒറ്റ കണ്സിടറേഷനില്‍ ആണ്. ആര്‍ക്കും ഒന്നും മനസ്സിലായില്ല. എങ്കിലും അവര്‍ അയാള്‍ക്ക്‌ ഭക്ഷണം വാങ്ങി കൊടുത്തു. നല്ല വിശപ്പുണ്ടായിരുന്നു. അതിനാല്‍ ആര്‍ത്തിയോടെ അയാള്‍ ആ പാര്‍സല്‍ പൊത്തി അഴിച്ചു. നല്ല ചൂടുള്ള ചിക്കന്‍ ബിരിയാണി. കഴിക്കാന്‍ തുടങ്ങിയതും വീണ്ടും ആ ശബ്ദം. "ബിരിയാണിയും മുസ്ലിം സംഭാവനയാണ്. പേര്‍ഷ്യന്‍ ഒറിജിന്‍.." കണ്ണു നിറച്ചു കൊണ്ട് നില്‍ക്കുന്ന അയാളെ നോക്കി ഒരു പരിഹാസചിരിയോടെ ബിരിയാണി മൊഴിഞ്ഞു. ഭക്ഷണവും തട്ടി തെറിപ്പിച്ചു കൊണ്ട് അയാള്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടി കാറും എടുത്തു വേഗത്തില്‍ ഡ്രൈവ് ചെയ്തു പോയി. എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇപ്പോള്‍ അയാളുടെ മനസ്സ് ആകെ പ്രക്ഷുബ്ദം ആയിരുന്നു.. പതിയെ അയാള്‍ സമനില വീണ്ടെടുത്ത്‌ തുടങ്ങി. 'ഛെ. എന്തൊക്കെയാണ് താന്‍ കാട്ടി കൂട്ടിയത്'. വീട്ടില്‍ പോയി ഒന്ന് കിടന്നാല്‍ എല്ലാം ശരിയാവും. അല്‍പ്പം ബുദ്ധിമുട്ടി മനസ്സിലേക്ക് വീണ്ടും സന്തോഷം കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ വീട്ടിലേക്ക് പോയി. ഒന്നും നടക്കാത്ത മട്ടില്‍ വീട്ടിലേക്കു കയറി. ഇളയ മകന്‍ പഠിക്കുകയാണ്.അയാളെ കണ്ടതും അവന്‍ സന്തോഷത്തോടെ മൊഴിഞ്ഞു 'പപ്പാ ഇന്ന് നേരത്തെ ആണല്ലോ.. ഒരു ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ആരോട് ചോദിക്കും എന്നാ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു. ഇതൊന്നു പറഞ്ഞു തന്നേ' എന്ന മട്ടില്‍ കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് അയാള്‍ക്ക്‌ നേരെ നീട്ടി ഡൌട്ട് ഉള്ള ഭാഗം കാണിച്ചു കൊടുത്തു.. "ജാബിര്‍ ബിന്‍ ഹയ്യാന്‍ - ഫൗണ്ടര്‍ ഓഫ് കെമിസ്ട്രി..!!" ശബ്ദം വീണ്ടും. ദേ കിടക്ക്ണൂ. അയാള്‍ അന്ന് ആദ്യമായി മകന്‍റെ പാഠപുസ്തകം വലിച്ചെറിഞ്ഞു. ദേഷ്യം മുഴുവന്‍ ഇപ്പോള്‍ ആ ഫെയ്സ്ബുക് ഗ്രൂപ്പിനോടാണ്. തന്നെ ഈ നിലയില്‍ എത്തിച്ച അവരോടു. ശബ്ദം കേട്ട് ഭാര്യ ഓടി വന്നപ്പോള്‍ അയാള്‍ വസ്ത്രം പോലും മാറ്റാതെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കാന്‍ തുടങ്ങുകയായിരുന്നു.. അപ്പോഴതാ ശബ്ദം വീണ്ടും. ഇത്തവണ കമ്പ്യൂട്ടറില്‍ നിന്നും "ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രഞ്ജന്‍ അല്‍ ഖവാരിസ്മി കണ്ടു പിടിച്ച അല്‍ഗോരിതം ആണ് ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് തന്നെ. അതിനാല്‍ ഇതില്‍ തൊട്ടു പോകരുത്..". അയാള്‍ക്ക്‌ തന്‍റെ ബോധം പോകുന്ന പോലെ തോന്നി. ആ റൂം മുഴുവന്‍ അയാളോട് എന്തൊക്കെയോ വിളിച്ചു പറയുന്നു... ഷോകേസില്‍ വച്ച ക്യാമറ അയാളോട് വിളിച്ചു പറഞ്ഞു "ഇബ്നുല്‍ ഹൈഥം എന്ന മുസ്ലിം ശാസ്ത്രഞ്ജന്‍ ആണ് ക്യാമറ കണ്ടു പിടിച്ചത്" റൂമിന്റെ ഒരു മൂലയില്‍ ഇരിക്കുന്ന ഒരു ഗ്ലോബ് അയാളെ നോക്കി വിളിച്ചു പറഞ്ഞു: "പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ജമാലുദ്ധീന്‍ ആണ് ആദ്യമായി സമ്പൂര്‍ണ്ണ ഗ്ലോബ് ലോകത്തിനു സമ്മാനിച്ചത്‌". അവിടെ ഒരു മേശയില്‍ കിടന്നിരുന്ന ഒരു 'എക്കണോമിക്സ്' മാഗസിന്‍ അയാളെ നോക്കി വിളിച്ചു പറഞ്ഞു "പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു ഖല്ദൂന്‍ ആണ് എക്കണോമിക്സിന്‍റെ പിതാവ്" മൂത്തമകന്റെ സോഷ്യോളജി പുസ്തകം വിളിച്ചു പറഞ്ഞു "ഇബ്നു ഖല്ദൂന്‍ തന്നെ സോഷ്യോളജിയുടെയും പിതാവ്". ഇളയ മകന്റെ ബോട്ടനി പുസ്തകം വിളിച്ചു പറഞ്ഞു "ആധുനിക ബോട്ടനിയുടെ പിതാവ് അബു ഹനീഫ അല്‍ ദിനവരി എന്ന മുസ്ലിം ആണ്".. കാതുകള്‍ മുറുകെ പൊത്തി കൊണ്ട് അയാള്‍ ഉറക്കെ ഉറക്കെ അലറി.. ഒന്നും മനസിലാവാതെ തന്നെ തന്നെ നോക്കി നില്‍ക്കുന്ന മകനെയും ഭാര്യയേയും ശ്രദ്ധിക്കാതെ അയാള്‍ ഓടി. എങ്ങോട്ടെന്നറിയാതെ. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍... അയാള്‍ നിര്‍ത്തിയില്ല. ഒടുവില്‍ ക്ഷീണിച്ചു അയാള്‍ ഒരു കടല്‍തീരത്ത് തന്റെ ഓട്ടം അവസാനിപ്പിച്ചു. വഴികള്‍ അവിടെ അവസാനിക്കുകയാണ്....

വിജനമായ കടല്‍തീരം. ഒരു സാദാകടപ്പുറം ആയതു കൊണ്ട് തന്നെ അവിടെ ആളുകളും കൂടി നില്‍ക്കുന്നില്ല. ഇവിടെ താഴെ മണല്‍തരികളും മുകളില്‍ ആകാശവും മുന്നില്‍ സമുദ്രവും മാത്രം.. ഒരു ശാസ്ത്രസാങ്കേതികതയും ഇവിടെയില്ലലോ. അല്‍പ്പനേരം തനിക്കൊന്നു വിശ്രമിക്കണം. അയാള്‍ അന്നത്തെ ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ ആരംഭിച്ചു.. ശാന്തമായി, സ്വസ്ഥമായി.. സമയങ്ങള്‍ കടന്നു പോയത് അയാള്‍ അറിഞ്ഞില്ല. ആകാശം ഇരുളുന്നതിനനുസരിച്ചു അയാളുടെ മനസിലെ ഇരുള്‍ നീങ്ങുകയായിരുന്നു. ഒടുവില്‍ അയാളത് തിരിച്ചറിഞ്ഞു. 'ഇല്ല തന്‍റെ ശപഥം ഒരു മണ്ടത്തരമാണ്. തനിക്കത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.. ഈ ശപഥവും വച്ച് ഒരു മിനിറ്റ് പോലും തനിക്കീ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഈ ശപഥം തുടരുന്നതില്‍ അര്‍ത്ഥമില്ല. കേട്ടതെല്ലാം കളവായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.. ആ തിരിച്ചറിവിന്‍റെ ഫലത്തില്‍ അയാള്‍ ആ മണല്‍തരികളില്‍ കിടന്നു. ക്ഷീണം കൊണ്ടാകാം അയാള്‍ അറിയാതെ ഉറങ്ങി പോയി...

ആ ഉറക്കത്തില്‍ അയാളുടെ സ്വപ്നങ്ങളിലേക്ക് പതിയെ ഒരു കാലഘട്ടം കടന്നു വന്നു... ലോകം ഇരുളില്‍ മുങ്ങിയ നാളുകളില്‍ അവര്‍ക്ക് വെളിച്ചമായി, ഇരുണ്ട കാലത്തിലെ സൂര്യനായി, ലോകത്തിനു പുതിയ ശാസ്ത്രശാഖകളും നാഗരികതയും സമ്മാനിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലഘട്ടം. അവിടെ അയാള്‍ കണ്ടു, ആയിരത്തിനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് യന്ത്രച്ചിറകുകളുമായി മാനത്തേക്ക് പറന്നുയര്‍ന്ന അബ്ബാസ് ഇബ്നുല്‍ ഫിര്‍നൌസിനെ.. അവിടെ അയാള്‍ കണ്ടു, ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളില്‍ നിന്നും അല്ജീബ്ര വികസിപ്പിച്ചടുത്ത അല്‍ ഖവാരിസ്മിയെ.. ഊര്‍ജ്ജതന്ത്രതിന്റെയും ആധുനികപ്രകാശശാസ്ത്രത്തിന്റെയും പിതാവായ ഇബ്നുല്‍ ഹൈഥമിനെ അയാള്‍ അവിടെ കണ്ടു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി അളന്ന അല്‍ മ'മൂന്റെ മുസ്ലിം ശാസ്ത്രഞ്ജന്‍മാരെ കണ്ടു.. ഭൂമിക്കു ഗോളാകൃതി ആണെന്ന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞ ഇബ്നു ഹസമിനെ അയാള്‍ കണ്ടു. നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അല്‍ ബിറൂനിയെ കണ്ടു. അന്തകാരത്തില്‍ മുങ്ങി നില്‍ക്കുന്ന യുറോപ്പിനിടയില്‍ തെരുവുകളില്‍ വിളക്ക് മാടങ്ങളുമായി നില്‍ക്കുന്ന കൊര്‍ദോവയിലെ തെരുവുകള്‍ അയാള്‍ കണ്ടു.. കടല്‍ത്തീരത്ത്‌ കക്ക പെറുക്കി നടന്ന യുറോപ്പ്യന് ശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത ബാഗ്ദാദിന്‍റെ ശാസ്ത്രജ്ഞന്മാരെ കണ്ടു.. അങ്ങനെ പല പല സുന്ദരകാഴ്ചകളും കണ്ടു അയാള്‍ ഉറങ്ങുകയാണ്...

നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ മണ്ടന്‍ ശപഥം ചുരുട്ടി കൂട്ടി ചവറ്റു കുട്ടയില്‍ എറിയുമെന്ന ദൃഡനിശ്ചയത്തിന്റെ ബലത്തില്‍ സുന്ദരമായി, സുഖമായി, ഗാഡമായി അയാള്‍ ഉറങ്ങുകയാണ്... മാനത്തെ താരകങ്ങള്‍ അപ്പോള്‍ അയാളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു... ആ നക്ഷത്രങ്ങളില്‍ പലതിനും അറബി നാമങ്ങളായിരുന്നു !!

ശുഭം.!!!

വായിക്കുന്നതോടൊപ്പം ഇസ്ലാം നമുക്ക് ആവശ്യമാണ് എന്ന ബോധം കൂടി ഉണ്ടാകട്ടെ...
മുസ്ലിംകളും നമ്മുടെ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയുക.
ആരെങ്കിലും കാണിക്കുന്ന തെമ്മാടിത്തരങ്ങൾ കണ്ട് ഇസ്ലാമിനെ മോശമാക്കാരുത്.
മുസ്ലിങ്ങളെ മാത്രം സംശയത്തിന്റെ നിഴലിൽ നിർത്തരുത്. മറ്റ് മതസ്തരിലും തെറ്റുകാർ ഉണ്ട് എന്ന തിരിച്ചറിവുണ്ടാകട്ടെ.   ......
മുസ്ലിം സമുദായവും കൂടി ചേർന്നാണ് നമ്മുടെ ഭാരതത്തിന് സ്വാതന്ത്യം നേടി തന്നത് എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ.......