ഇവിടെ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങൾ way2light114@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.

Monday, December 14, 2015

സന്തോഷിക്കാൻ എളുപ്പമാണ്

ഡോ. ജാസിം മുതവ്വ

കൊച്ചു കൊച്ചു കാര്യങ്ങളിലാണ് സന്തോഷം ഒളിഞ്ഞിരിക്കുന്നത്. ധാരാളം സമ്പത്തോ, വലിയോ വീടോ, മുന്തിയ വാഹനമോ, വിലകൂടിയ വസ്ത്രങ്ങളോ ജീവിതത്തില്‍ സന്തോഷം നല്‍കിയെന്നു വരില്ല. ജീവിതത്തില്‍ സന്തോഷവും ആനന്ദവും കണ്ടെത്താനുള്ള 15 ചെറു മാര്‍ഗങ്ങൾ:

1. ഈ ലോകത്ത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ ഉണ്ടായിരിക്കുക: അത് നിങ്ങളുടെ കൂട്ടുകാരനോ സഹോദരനോ ഇണയോ മാതാപിതാക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആവാം. അവര്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന ബോധം നിനക്കുണ്ടാകുന്നു. അങ്ങനെ മനസ്സില്‍ ശുഭചിന്തകള്‍ വെച്ചുപുലര്‍ത്താനും അതിലൂടെ മാനസിക സംതൃപ്തി കൈവരിക്കാനും സാധിക്കുന്നു.

2. തെറ്റുകള്‍ പൊറുക്കാനും വിശാലമനസ്‌കത കാണിക്കാനും പഠിക്കുക: അത് ആരോടും നേരിട്ടോ സന്ദേശങ്ങള്‍ മുഖേനയോ പങ്കുവെക്കുമ്പോള്‍ നമുക്ക് ആത്മശാന്തിയും മനസംതൃപ്തിയും ലഭിക്കുന്നു.

3. ചെറുപ്പത്തില്‍ വളരെ ആനന്ദത്തോടെ ചെയ്തുകൊണ്ടിരുന്ന കാര്യം വീണ്ടും ചെയ്യാന്‍ ശ്രമിക്കുക:എന്റെയടുത്ത് വന്ന ഒരാള്‍ സൈക്കിള്‍ സവാരി അയാള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്നും ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ സൈക്കിള്‍ സവാരി ചെയ്യാറുണ്ടെന്നും പറഞ്ഞു. ഇതുമൂലം മാനസികമായി വളരെയധികം ഉന്മേശം ലഭിക്കുന്നതായി അയാള്‍ പറയുന്നു.

4. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക: മനസ്സിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന തരത്തിലുള്ള പുസ്തകങ്ങള്‍, നര്‍മപുസ്തകങ്ങള്‍ എന്നിവ വായിക്കാവുന്നതാണ്.

5. ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുക: ആ നല്‍കിയ പാരിതോഷികത്തെ പറ്റി അയാളോട് സംസാരിക്കുക, അയാള്‍ അതില്‍ മനസ്സു നിറഞ്ഞ് നിങ്ങളോട് നന്ദി പറയുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും.

6. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക: അവരുടെ വര്‍ത്തമാനങ്ങളും പരിഭവങ്ങളുമൊക്കെ കേള്‍ക്കുക, അവരോടൊപ്പം കളികളില്‍ ഏര്‍പ്പെടുക, തീര്‍ച്ചയായും താങ്കളെ അവര്‍ അവരുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകും. താങ്കള്‍ക്ക് അപ്പോള്‍ അതിയായ സന്തോഷമുണ്ടാകും.

7. നമ്മുടെ വസ്തുക്കള്‍ കൃത്യമായി അടുക്കും ചിട്ടയോടെയും സൂക്ഷിക്കുക: വസ്ത്രങ്ങളൊക്കെ പുറത്തെടുത്ത് അതില്‍ ധരിക്കാത്തവ പാവങ്ങള്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യുക.

8. അടുത്ത കൂട്ടുകാരനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക:അവനോട് സംസാരിക്കുമ്പോഴും കൂടെ സഹവസിക്കുമ്പോഴും നിങ്ങള്‍ക്ക് തൃപ്തി തോന്നുന്ന കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക.

9. കൃത്യമായി ഉറങ്ങുന്ന ശീലമുണ്ടാക്കുക: നിങ്ങളുടെ ചിന്തകള്‍ക്ക് വിശ്രമം നല്‍കാനും മനസ്സിന് സമാധാനം പകരാനും അത് സഹായിക്കും.

10. കായികവിനോദങ്ങളില്‍ ഏര്‍പെടുക: നീന്തല്‍, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും നടക്കുന്ന ശീലമുണ്ടാക്കുക.

11. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുക:മാതാപിതാക്കളോട് കുശലാന്വേഷണങ്ങള്‍ നടത്തുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്യുന്നത് സന്തോഷപ്രദമാണ്.

12. മറ്റുള്ളവരോട് പുഞ്ചിരിക്കുക:പുഞ്ചിരി മാനസികമായ സന്തോഷവും ഉന്മേഷവും നല്‍കും. തീരെ ചെലവ് ഇല്ലാത്തതും എന്നാല്‍ പുണ്യമുള്ളതുമായ ഒരു കാര്യം.

13. ഖബ്ര്‍ സന്ദര്‍ശിക്കുക: പരലോകചിന്തയെ ഉണര്‍ത്തുന്നതിലൂടെ ഐഹികലോകത്തെ ദുഖങ്ങളും വിഷമങ്ങളും മറക്കാന്‍ നമുക്ക് സാധിക്കുന്നു. പരലോകത്തെ ആത്യന്തിക ലക്ഷ്യസ്ഥാനമായി നമുക്ക് അനുഭവപ്പെടുമ്പോള്‍ നൈമിഷികമായ പരീക്ഷണങ്ങള്‍ നമ്മെ ഒരിക്കലും തളര്‍ത്തില്ല.

14. മുതിര്‍ന്നവരോടൊപ്പം സമയം ചെലവഴിക്കുക: തങ്ങളുടെ നര്‍മസംഭാഷണങ്ങളിലൂടെ താങ്കളെ സന്തോഷവാനും അനുഭവങ്ങളിലൂടെ സമ്പന്നനാക്കാനും അവര്‍ക്ക് സാധിക്കും.

15. പ്രാര്‍ത്ഥന: ഹൃദയവിശാലതയും മനശ്ശാന്തിയും ലഭിക്കാനായി നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.