ഇവിടെ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങൾ way2light114@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.

Friday, July 29, 2016

ഇരുണ്ട കാലത്തിലെ സൂര്യന്‍ !!

"എന്ത് ക്രൂരന്മാരാണിവര്‍, കാടന്മാര്‍, പ്രാകൃതര്‍, ഭീകരര്‍, ഗോത്രവര്‍ഗ്ഗനിയമങ്ങളും പേറി നടക്കുന്നവര്‍. ഇവര്‍ ഈ സമൂഹത്തിനു തന്നെ ആപത്താണ്. ഈ മതം തന്നെ ഇവിടെ ഇല്ലാതാവുകയാണ് മനുഷ്യന് നല്ലത്"

അന്ന് രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ അയാളുടെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെയായിരുന്നു. ഫെയ്സ്ബുക്കിലെ ചില "പ്രത്യേക" ഗ്രൂപ്പുകളില്‍ സജീവ മെമ്പര്‍ ആണയാള്‍. അവിടെ നിന്നാണ് ഇസ്ലാം എന്ന മതത്തോടും മുസ്ലിം സമൂഹത്തോടും അയാള്‍ക്ക്‌ ഇത്രയും വെറുപ്പ്‌ വന്നത്. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു !!

'ഇല്ല.. ഇനി മേലാല്‍ ഞാന്‍ മുസ്ലിംകളുടെ ഒരു സഹായവും തേടില്ല. അവരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കില്ല. അവരുടെ ഒരു തരത്തിലുള്ള സഹായവും ഇല്ലാതെ ഒരാള്‍ക്ക്‌ ഇവിടെ ഒരു അല്ലലുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കും. അല്ലെങ്കിലും ലോകത്തിനു ഒരു സംഭാവനയും നല്‍കാത്ത അവരുടെ സഹായം തനിക്കെന്തിനു.? താന്‍ തുടങ്ങി വയ്ക്കുന്നത് ഒരു വിപ്ലവമാണ്.. തന്‍റെ ഈ തീരുമാനം ജനം ആവേശത്തോടെ ഏറ്റെടുക്കും. അങ്ങനെ ഈ കാടന്‍ ക്രൂര പ്രാകൃത മതത്തെ തന്നെ ഇല്ലാതാക്കാന്‍ ഒരു പക്ഷെ തന്‍റെ ഈ തീരുമാനത്തിന് കഴിയും.. ഇല്ല ഇനി മേല്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും താന്‍ സ്വീകരിക്കില്ല. അവരുമായി ബന്ധപ്പെട്ട ഒന്നും തനിക്കു വേണ്ട..!!'

നാളെ രാവിലെ മുതല്‍ താന്‍ ഒരു പുതിയ വിപ്ലവം ആരംഭിക്കുകയാണ് എന്ന അഭിമാനത്തോടെ അയാള്‍ ഉറങ്ങി.. ഉറക്കത്തില്‍ ബ്രേവ് ഹാര്ട്ടിലെ വില്ല്യം വാലസിനെ സ്വപ്നം കണ്ടു കൊണ്ട് കിടക്കവേ ഭാര്യയുടെ സ്നേഹത്തോടെയുള്ള വിളി അയാളുടെ ഉറക്കം ഭഞ്ജിച്ചു. നേരം വെളുത്തിരിക്കുന്നു.. അത്യധികം സന്തോഷത്തോടെയാണ് അയാള്‍ കണ്ണു തുറന്നത്. മുമ്പില്‍ പുഞ്ചിരി തൂകി കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയും ആയി നില്‍ക്കുന്ന ഭാര്യ. അയാള്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഇന്നെന്തോ നല്ല ഉഷാര്‍. പുതിയ തീരുമാനത്തിന്‍റെ ശക്തിയാകും. ഭാര്യയുടെ കയ്യില്‍ നിന്നും ബെഡ് കോഫി വാങ്ങി കൊണ്ട് കുടിക്കാന്‍ ചുണ്ടോടടുപ്പിച്ചതും പെട്ടെന്ന് അശരീരി പോലൊരു ശബ്ദം..!!

"ഖാലിദ് എന്ന് പേരുള്ള ഒരു മുസ്ലിം 1200 വര്ഷം മുമ്പ് കണ്ടു പിടിച്ചതാണ് കോഫി.. മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും ഇനി സ്വീകരിക്കില്ല എന്ന നിന്‍റെ ശപഥം നീ മറന്നോ സുഹൃത്തേ !!"

പ്ലിംഗ്.... നോക്കിയപ്പോള്‍ കപ്പില്‍ നിന്നാണ് ആ ശബ്ദം വരുന്നത്.. 'കുടുങ്ങിയോ? കാപ്പി മുസ്ലിം സംഭാവനയായിരുന്നോ?? ഇനി ആണെങ്കിലും അല്ലെങ്കിലും തന്‍റെ ശപഥത്തിനു ഒരു മാറ്റവും ഇല്ല. ഇനി മുതല്‍ കാപ്പി ഞാന്‍ വര്‍ജ്ജിക്കുന്നു. കാപ്പി ഇല്ലാതെ ജീവിക്കാന്‍ ആകുമെന്ന് ഞാന്‍ തെളിയിക്കും' ഇങ്ങനെ മനസ്സില്‍ പറഞ്ഞു കൊണ്ട് കപ്പ് അവിടെ തന്നെ വച്ച് അയാള്‍ ബാത്ത്റൂമിലേക്ക്‌ പോയി. ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷില്‍ തേക്കാന്‍ തുടങ്ങിയപ്പോള്‍ അതാ വീണ്ടും ആ ശബ്ദം. ഇത്തവണ ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്നും.. "സിര്യബ് എന്ന് പേരുള്ള ഒരു മുസ്ലിം ഫാഷന്‍ ഡിസൈനര്‍ കണ്ടു പിടിച്ച ടൂത്ത് പേസ്റ്റ് ആണ് സ്പയിനിലും അത് വഴി യുറോപ്പിലും പിന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരം നേടിയത്.. നിന്‍റെ ശപഥം മറക്കാതിരിക്കുക..!!"

'ദൈവമേ, പേസ്റ്റും മുസ്ലിം സംഭാവനയോ??' എന്തായാലും തോറ്റ് കൊടുക്കാന്‍ അയാള്‍ തയ്യാറല്ലാത്തത് കൊണ്ട് വെറും ബ്രഷ് കൊണ്ട് പല്ല് തേച്ചു. പേസ്റ്റ് ഇല്ലാത്തത് കൊണ്ട് തനിക്കു ഒരു നഷ്ടവും വരാനില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ കുളിക്കാന്‍ ആരംഭിച്ചു. സോപ്പ് എടുത്തതും വീണ്ടും ശബ്ദം "ഒലീവ് ഓയിലും ആല്‍ക്കലിയും ഉപയോഗിച്ച് മുസ്ലിം ലോകത്ത് നിര്‍മ്മാണം ആരംഭിച്ച സോപ്പ് ആണ് പിന്നീട് ലോകത്ത് പ്രചാരം നേടിയത്. സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കലി പോലും അല്‍ഖലി എന്ന അറബി വാക്കില്‍ നിന്ന് വന്നതാണ്" അയാള്‍ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. സോപ്പ് ഉപയോഗിക്കാതെ കുളിച്ചു കൊണ്ട് പതിയെ അയാള്‍ പുറത്തിറങ്ങി. ഇപ്പോള്‍ അയാളുടെ മുഖത്ത് രാവിലെ കണ്ട അത്ര സന്തോഷമില്ല.

അയാള് സമയം അറിയാനായി ക്ലോക്കിലേക്ക് നോക്കി.. അയാള് ഞെട്ടിപ്പോയി.. ക്ലോക്കിൽ ഒന്നും കാണിക്കുന്നില്ല പകരം അവിടെ നിന്നും ഒരു ശബ്ദം.. "പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'റോബോട്ടികസിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്ന അൽ ജസരി ആണ് ഓട്ടോമാറ്റിക് ക്ലോക്കുകൾക്ക് തുടക്കം കുറിച്ചത്..". 'ങേ. ക്ലോക്കും പോയോ??' അയാളുടെ മുഖം ആകെ വിളറി വെളുത്തിരിക്കുന്നു ഇപ്പോൾ.. എങ്കിലും അത് പുറത്തു കാണിക്കാതെ അയാള്‍ ടേബിളില്‍ കിടന്നിരുന്ന ന്യൂസ്പേപ്പര്‍ എടുക്കാനായി കൈ നീട്ടി. വീണ്ടും ആ ശബ്ദം "ലോകത്ത് ആദ്യമായി പേപ്പര്‍ മില്ലുകള്‍ സ്ഥാപിച്ചത് മുസ്ലിം ലോകമായ ബാഗ്ദാദില്‍ ആണ്. എട്ടാം നൂറ്റാണ്ടില്‍.. ചൈനീസ് തടവുകാരില്‍ നിന്നും പേപ്പര്‍ നിര്‍മ്മാണം പഠിച്ച മുസ്ലിംകള്‍ ആണ് യുറോപ്പിലും അത് വഴി ലോകത്ത് മുഴുവനും പേപര്‍ ഉപയോഗത്തിന് പ്രചാരം ഉണ്ടാക്കിയത്".. 'ദൈവമേ.. ഇനിയെന്ത് ചെയ്യും? തന്‍റെ ശപഥം താന്‍ നിത്യവും ചെയ്യുന്ന പല കാര്യങ്ങളില്‍ നിന്നും തടയുന്നു. ഇതിപ്പോ രാവിലെ തുടങ്ങിയിട്ടേയുള്ളൂ.. ഇനിയൊന്നും ഉണ്ടാവല്ലേ ദൈവമേ' എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു അയാള്‍ വസ്ത്രം മാറാന്‍ ആരംഭിച്ചു.. പെര്‍ഫ്യൂം അടിക്കാന്‍ തുടങ്ങിയതും ദാ വീണ്ടും.. "പെര്ഫ്യൂമിലെ മുസ്ലിം സംഭാവനകള്‍ വളരെ വലുതാണ്‌. ജാബിര്‍ ബിന്‍ ഹയ്യാനും അല്‍ കിന്റിയും ഇബ്ന്‍ സിനയും എല്ലാം വളര്‍ത്തിയ പെര്‍ഫ്യൂം ഇന്ടസ്ട്രി ആണ് പടിഞ്ഞാറിലേക്ക് ആകര്ഷിക്കപ്പെട്ടതും അങ്ങനെ ലോകത്ത് പ്രചാരം നേടിയതും". ആകെ ഒരു വയറിളക്കം പിടിച്ചവനു ടോയ്ലറ്റ് കിട്ടാത്ത അവസ്ഥ പോലെയാണ് ഇപ്പോള്‍ അയാളുടെ മുഖം. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഒന്ന് കൂടി വസ്ത്രം നേരെയാക്കി പോകറ്റില്‍ പേനയും വച്ച് അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും പേന അയാളുടെ പോക്കറ്റില്‍ നിന്നും താഴേക്കു തന്നെ ചാടി. ശബ്ദം വീണ്ടും.. "പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ സുല്‍ത്താനായ അല്‍ മുഇസിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഒരു ജോലിക്കാരന്‍ ആണ് ലോകത്തില്‍ ആദ്യമായി ഫൗണ്ടയിന്‍ പെന്‍ നിര്‍മ്മിച്ചത്. മഷിയില്‍ മുക്കി എഴുതുന്ന പേനയില്‍ നിന്നും വ്യത്യസ്തമായി മഷി സ്വയം അടങ്ങുന്ന, പേപ്പറില്‍ മുന തട്ടിയാല്‍ മാത്രം മഷി വരുന്ന ആധുനിക പെന്‍ തുടങ്ങിയത് അവിടെ നിന്നാണ്". അങ്ങനെ പേനയും പോയി. ദിവസം തുടങ്ങിയിട്ടെയുള്ളൂ.. അപ്പോള്‍ തന്നെ ഇങ്ങനെ? ഇനി എന്തൊക്കെ നഷ്ടപ്പെടുമോ ആവോ? എന്തായാലും കാപ്പി, പേന, സോപ്പ്, ചീപ്പ് പോലുള്ള നിസ്സാരകാര്യങ്ങളല്ലേ ഇവര്‍ സംഭാവന ചെയ്തിട്ടുല്ലോ. അതു ഉപേക്ഷിക്കുന്നത് കൊണ്ട് വലിയ നഷ്ടമൊന്നുമുണ്ടാവില്ല. ശപഥം തുടരുക തന്നെ എന്ന ദൃഡനിശ്ചയത്തില്‍ അയാള്‍ വീട്ടില്‍ നിന്നും പെട്ടിയുമായി കാറും എടുത്തു പോയി... ഭാര്യയോടും മക്കളോടും ഒന്നും പറയാതെ ആണ് ഇറങ്ങി പോയത്. മറന്നു കാണും. എന്തോ സാധാരണ അങ്ങനെ മറക്കാറില്ല. ഇന്നെന്തു പറ്റിയോ ആവോ?

ഡ്രൈവ് ചെയ്തു പോകുമ്പോള്‍ അയാള്‍ ചിന്താമഗ്നനായിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പറയാന്‍ മറന്നു, അയാള്‍ ഒരു ഡോക്ടര്‍ ആണ്. പ്രഗല്‍ഭനായ ഒരു സര്‍ജനും. ഇന്ന് ഒരു സര്‍ജറി ഉണ്ട്. അതിനാല്‍ തല്‍ക്കാലം തന്‍റെ ആശങ്കകളും ആകുലതകളും മാറ്റി വച്ചേ തീരൂ' അയാള്‍ സര്‍ജിക്കല്‍ ഗൌണും മാസ്കും ധരിച്ചു കൊണ്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറി. പെട്ടെന്ന് അതാ അയാളുടെ കാതടപ്പിക്കുന്ന ഒരു ശബ്ദം തിയേറ്ററിന്റെ അകത്തു നിന്നും.. "അല്‍ സഹ്റാവി- ഫാദര്‍ ഓഫ് മോഡേണ്‍ സര്‍ജറി..!!!" പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രജ്ഞനായ അല്‍ സഹ്റാവിയാണത്രേ ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. അവിടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ പലതും അയാളെ നോക്കി പരിഹാസ ചിരിയോടെ വിളിച്ചു പറഞ്ഞു.. "ഇതെല്ലാം കണ്ടു പിടിച്ചത് സഹ്റാവി തന്നെ. കാറ്റ്ഗട്ടും ആധുനിക രീതിയിലുള്ള സ്യൂച്ചേര്സും ലോകത്തിനു പഠിപ്പിച്ചതും അദ്ദേഹം തന്നെ. അതിനാല്‍ നിനക്ക് നിന്റെ ശപഥത്തെ നിലനിര്‍ത്തണമെങ്കില്‍ ഇവിടെ നിന്നിറങ്ങി പോവുക" അയാളുടെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഒന്നും ഉരുയിടാതെ അയാള്‍ വേഗത്തില്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി തന്‍റെ കാബിനില്‍ പോയി ഇരുന്നു. അപ്പോഴതാ പുതിയ പ്രശ്നം. കാബിനിലെ ചുവരില്‍ തൂക്കിയ 'ബ്ലഡ് സര്‍ക്കുലേഷന്റെ ഒരു ചാര്‍ട്ട് അയാളെ നോക്കി വിളിച്ചു പറയുന്നു. "സുഹൃത്തേ, പള്‍മനറി സര്‍ക്കുലേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു ആദ്യമായി നല്കിയതും ഒരു മുസ്ലിം ആണ് കേട്ടോ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുല്‍ നഫീസ്". ദയനീയമായ മുഖത്തോടെ അല്‍പ്പനേരം അയാള്‍ ആ ചിത്രത്തിലേക്ക് നോക്കി. എന്നിട്ട് ക്രോധത്തോടെ അത് ചുവരില്‍ നിന്നും വലിച്ചു കീറി കാബിനില്‍ നിന്നും ഇറങ്ങി. പെട്ടെന്നതാ ഹോസ്പിറ്റല്‍ മൊത്തം മുഴങ്ങുന്ന, കര്‍ണ്ണകഠോരമായ ഒരു ശബ്ദം. "പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവിസെന്ന എന്ന ഇബ്നു സിന ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം മുസ്ലിമും ഒരു ഖുറാന്‍ പണ്ഡിതനുമായിരുന്നു. വൈദ്യശാസ്ത്രം പൂര്‍ത്തീകരിച്ച ആള്‍ എന്നാണു അദ്ദേഹത്തെ യുറോപ്പ്യന്‍സ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും ഒരു നല്ല ഡോക്ടര്‍ ആവണമെന്നുണ്ടെങ്കില്‍ അയാള്‍ നല്ലൊരു അവിസെന്നിസ്റ്റ് ആയിരിക്കണം' എന്ന ഒരു പഴയ യുറോപ്പ്യന്‍ ചൊല്ല് തന്നെയുണ്ടായിരുന്നു. അതിനാല്‍ നിനക്ക് നിന്‍റെ ശപഥം നിലനിര്‍ത്തണമെങ്കില്‍ നീ ഈ ജോലി തന്നെ രാജി വച്ച് ഇവിടെ നിന്നും ഇറങ്ങി പോവുക..!!". ഇരുകൈകള്‍ കൊണ്ടും തന്‍റെ കാതുകള്‍ മുറുകെ പൊത്തി പിടിച്ചു കൊണ്ട് ഇറങ്ങിയോടുന്ന അയാളെ അമ്പരപ്പോടെ ആണ് ആളുകള്‍ നോക്കിയത്..

തന്‍റെ ശപഥം ഇപ്പോള്‍ തന്‍റെ കരിയര്‍, തന്‍റെ ജീവിതം തന്നെ നശിപ്പികുന്നതായി അയാള്‍ക് തോന്നി. ഇനിയെന്താണ് ചെയ്യേണ്ടത്? അറിയില്ല. കേട്ടതൊന്നും ശരിയായിരുന്നില്ലേ? എന്തായാലും മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ. തോല്‍ക്കാന്‍ താന്‍ തയ്യാറല്ല. അല്ലെങ്കിലും പട്ടുമെത്തയില്‍ സുഖിച്ചു കിടന്നു കൊണ്ട് ആരാണ് വിപ്ലവം നയിച്ചിട്ടുള്ളത്?'. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് അയാള്‍ ഡ്രൈവ് ചെയ്യുകയാണ്. ബാങ്ക് എത്തിയപ്പോള്‍ വണ്ടി നിറുത്തി. കഴിഞ്ഞ മാസം സാലറി കിട്ടിയ ചെക്ക് മാറണം. അയാള്‍ ബാങ്കിലേക്ക് പ്രവേശിച്ചു ടോക്കണ്‍ എടുത്തു. തന്‍റെ ഊഴം വന്നപ്പോള്‍ പോക്കറ്റില്‍ നിന്നും ചെക്ക് എടുത്തു കൊണ്ട് മുന്നോട്ടു പോയി. പെട്ടെന്നതാ ആ ശബ്ദം വീണ്ടും "ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം ലോകം ആണ് ചെക്ക് സമ്പ്രദായം ലോകത്ത് കൊണ്ട് വന്നത്. 'സക്ക്' എന്ന അറബി പദത്തില്‍ നിന്നാണ് ചെക്ക് എന്നാ വാക്ക് വന്നത് തന്നെ". കയ്യിലുള്ള ചെക്ക് വലിച്ചു കീറി കൊണ്ട് അലറിയ അയാളെ ആ ബാങ്കുകാര്‍ കോളറിനു പിടിച്ചു പുറത്താക്കാതെ ഒരു ഗ്ലാസ് വെള്ളം കൊടുത്തു മാനേജരുടെ കാബിനില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു ഇരുത്തിയത് സ്ഥിരം കസ്ടമര്‍ ആണെന്ന ഒറ്റ കണ്സിടറേഷനില്‍ ആണ്. ആര്‍ക്കും ഒന്നും മനസ്സിലായില്ല. എങ്കിലും അവര്‍ അയാള്‍ക്ക്‌ ഭക്ഷണം വാങ്ങി കൊടുത്തു. നല്ല വിശപ്പുണ്ടായിരുന്നു. അതിനാല്‍ ആര്‍ത്തിയോടെ അയാള്‍ ആ പാര്‍സല്‍ പൊത്തി അഴിച്ചു. നല്ല ചൂടുള്ള ചിക്കന്‍ ബിരിയാണി. കഴിക്കാന്‍ തുടങ്ങിയതും വീണ്ടും ആ ശബ്ദം. "ബിരിയാണിയും മുസ്ലിം സംഭാവനയാണ്. പേര്‍ഷ്യന്‍ ഒറിജിന്‍.." കണ്ണു നിറച്ചു കൊണ്ട് നില്‍ക്കുന്ന അയാളെ നോക്കി ഒരു പരിഹാസചിരിയോടെ ബിരിയാണി മൊഴിഞ്ഞു. ഭക്ഷണവും തട്ടി തെറിപ്പിച്ചു കൊണ്ട് അയാള്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടി കാറും എടുത്തു വേഗത്തില്‍ ഡ്രൈവ് ചെയ്തു പോയി. എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇപ്പോള്‍ അയാളുടെ മനസ്സ് ആകെ പ്രക്ഷുബ്ദം ആയിരുന്നു.. പതിയെ അയാള്‍ സമനില വീണ്ടെടുത്ത്‌ തുടങ്ങി. 'ഛെ. എന്തൊക്കെയാണ് താന്‍ കാട്ടി കൂട്ടിയത്'. വീട്ടില്‍ പോയി ഒന്ന് കിടന്നാല്‍ എല്ലാം ശരിയാവും. അല്‍പ്പം ബുദ്ധിമുട്ടി മനസ്സിലേക്ക് വീണ്ടും സന്തോഷം കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ വീട്ടിലേക്ക് പോയി. ഒന്നും നടക്കാത്ത മട്ടില്‍ വീട്ടിലേക്കു കയറി. ഇളയ മകന്‍ പഠിക്കുകയാണ്.അയാളെ കണ്ടതും അവന്‍ സന്തോഷത്തോടെ മൊഴിഞ്ഞു 'പപ്പാ ഇന്ന് നേരത്തെ ആണല്ലോ.. ഒരു ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ആരോട് ചോദിക്കും എന്നാ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു. ഇതൊന്നു പറഞ്ഞു തന്നേ' എന്ന മട്ടില്‍ കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് അയാള്‍ക്ക്‌ നേരെ നീട്ടി ഡൌട്ട് ഉള്ള ഭാഗം കാണിച്ചു കൊടുത്തു.. "ജാബിര്‍ ബിന്‍ ഹയ്യാന്‍ - ഫൗണ്ടര്‍ ഓഫ് കെമിസ്ട്രി..!!" ശബ്ദം വീണ്ടും. ദേ കിടക്ക്ണൂ. അയാള്‍ അന്ന് ആദ്യമായി മകന്‍റെ പാഠപുസ്തകം വലിച്ചെറിഞ്ഞു. ദേഷ്യം മുഴുവന്‍ ഇപ്പോള്‍ ആ ഫെയ്സ്ബുക് ഗ്രൂപ്പിനോടാണ്. തന്നെ ഈ നിലയില്‍ എത്തിച്ച അവരോടു. ശബ്ദം കേട്ട് ഭാര്യ ഓടി വന്നപ്പോള്‍ അയാള്‍ വസ്ത്രം പോലും മാറ്റാതെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കാന്‍ തുടങ്ങുകയായിരുന്നു.. അപ്പോഴതാ ശബ്ദം വീണ്ടും. ഇത്തവണ കമ്പ്യൂട്ടറില്‍ നിന്നും "ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രഞ്ജന്‍ അല്‍ ഖവാരിസ്മി കണ്ടു പിടിച്ച അല്‍ഗോരിതം ആണ് ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് തന്നെ. അതിനാല്‍ ഇതില്‍ തൊട്ടു പോകരുത്..". അയാള്‍ക്ക്‌ തന്‍റെ ബോധം പോകുന്ന പോലെ തോന്നി. ആ റൂം മുഴുവന്‍ അയാളോട് എന്തൊക്കെയോ വിളിച്ചു പറയുന്നു... ഷോകേസില്‍ വച്ച ക്യാമറ അയാളോട് വിളിച്ചു പറഞ്ഞു "ഇബ്നുല്‍ ഹൈഥം എന്ന മുസ്ലിം ശാസ്ത്രഞ്ജന്‍ ആണ് ക്യാമറ കണ്ടു പിടിച്ചത്" റൂമിന്റെ ഒരു മൂലയില്‍ ഇരിക്കുന്ന ഒരു ഗ്ലോബ് അയാളെ നോക്കി വിളിച്ചു പറഞ്ഞു: "പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ജമാലുദ്ധീന്‍ ആണ് ആദ്യമായി സമ്പൂര്‍ണ്ണ ഗ്ലോബ് ലോകത്തിനു സമ്മാനിച്ചത്‌". അവിടെ ഒരു മേശയില്‍ കിടന്നിരുന്ന ഒരു 'എക്കണോമിക്സ്' മാഗസിന്‍ അയാളെ നോക്കി വിളിച്ചു പറഞ്ഞു "പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു ഖല്ദൂന്‍ ആണ് എക്കണോമിക്സിന്‍റെ പിതാവ്" മൂത്തമകന്റെ സോഷ്യോളജി പുസ്തകം വിളിച്ചു പറഞ്ഞു "ഇബ്നു ഖല്ദൂന്‍ തന്നെ സോഷ്യോളജിയുടെയും പിതാവ്". ഇളയ മകന്റെ ബോട്ടനി പുസ്തകം വിളിച്ചു പറഞ്ഞു "ആധുനിക ബോട്ടനിയുടെ പിതാവ് അബു ഹനീഫ അല്‍ ദിനവരി എന്ന മുസ്ലിം ആണ്".. കാതുകള്‍ മുറുകെ പൊത്തി കൊണ്ട് അയാള്‍ ഉറക്കെ ഉറക്കെ അലറി.. ഒന്നും മനസിലാവാതെ തന്നെ തന്നെ നോക്കി നില്‍ക്കുന്ന മകനെയും ഭാര്യയേയും ശ്രദ്ധിക്കാതെ അയാള്‍ ഓടി. എങ്ങോട്ടെന്നറിയാതെ. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍... അയാള്‍ നിര്‍ത്തിയില്ല. ഒടുവില്‍ ക്ഷീണിച്ചു അയാള്‍ ഒരു കടല്‍തീരത്ത് തന്റെ ഓട്ടം അവസാനിപ്പിച്ചു. വഴികള്‍ അവിടെ അവസാനിക്കുകയാണ്....

വിജനമായ കടല്‍തീരം. ഒരു സാദാകടപ്പുറം ആയതു കൊണ്ട് തന്നെ അവിടെ ആളുകളും കൂടി നില്‍ക്കുന്നില്ല. ഇവിടെ താഴെ മണല്‍തരികളും മുകളില്‍ ആകാശവും മുന്നില്‍ സമുദ്രവും മാത്രം.. ഒരു ശാസ്ത്രസാങ്കേതികതയും ഇവിടെയില്ലലോ. അല്‍പ്പനേരം തനിക്കൊന്നു വിശ്രമിക്കണം. അയാള്‍ അന്നത്തെ ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ ആരംഭിച്ചു.. ശാന്തമായി, സ്വസ്ഥമായി.. സമയങ്ങള്‍ കടന്നു പോയത് അയാള്‍ അറിഞ്ഞില്ല. ആകാശം ഇരുളുന്നതിനനുസരിച്ചു അയാളുടെ മനസിലെ ഇരുള്‍ നീങ്ങുകയായിരുന്നു. ഒടുവില്‍ അയാളത് തിരിച്ചറിഞ്ഞു. 'ഇല്ല തന്‍റെ ശപഥം ഒരു മണ്ടത്തരമാണ്. തനിക്കത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.. ഈ ശപഥവും വച്ച് ഒരു മിനിറ്റ് പോലും തനിക്കീ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഈ ശപഥം തുടരുന്നതില്‍ അര്‍ത്ഥമില്ല. കേട്ടതെല്ലാം കളവായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.. ആ തിരിച്ചറിവിന്‍റെ ഫലത്തില്‍ അയാള്‍ ആ മണല്‍തരികളില്‍ കിടന്നു. ക്ഷീണം കൊണ്ടാകാം അയാള്‍ അറിയാതെ ഉറങ്ങി പോയി...

ആ ഉറക്കത്തില്‍ അയാളുടെ സ്വപ്നങ്ങളിലേക്ക് പതിയെ ഒരു കാലഘട്ടം കടന്നു വന്നു... ലോകം ഇരുളില്‍ മുങ്ങിയ നാളുകളില്‍ അവര്‍ക്ക് വെളിച്ചമായി, ഇരുണ്ട കാലത്തിലെ സൂര്യനായി, ലോകത്തിനു പുതിയ ശാസ്ത്രശാഖകളും നാഗരികതയും സമ്മാനിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലഘട്ടം. അവിടെ അയാള്‍ കണ്ടു, ആയിരത്തിനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് യന്ത്രച്ചിറകുകളുമായി മാനത്തേക്ക് പറന്നുയര്‍ന്ന അബ്ബാസ് ഇബ്നുല്‍ ഫിര്‍നൌസിനെ.. അവിടെ അയാള്‍ കണ്ടു, ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളില്‍ നിന്നും അല്ജീബ്ര വികസിപ്പിച്ചടുത്ത അല്‍ ഖവാരിസ്മിയെ.. ഊര്‍ജ്ജതന്ത്രതിന്റെയും ആധുനികപ്രകാശശാസ്ത്രത്തിന്റെയും പിതാവായ ഇബ്നുല്‍ ഹൈഥമിനെ അയാള്‍ അവിടെ കണ്ടു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി അളന്ന അല്‍ മ'മൂന്റെ മുസ്ലിം ശാസ്ത്രഞ്ജന്‍മാരെ കണ്ടു.. ഭൂമിക്കു ഗോളാകൃതി ആണെന്ന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞ ഇബ്നു ഹസമിനെ അയാള്‍ കണ്ടു. നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അല്‍ ബിറൂനിയെ കണ്ടു. അന്തകാരത്തില്‍ മുങ്ങി നില്‍ക്കുന്ന യുറോപ്പിനിടയില്‍ തെരുവുകളില്‍ വിളക്ക് മാടങ്ങളുമായി നില്‍ക്കുന്ന കൊര്‍ദോവയിലെ തെരുവുകള്‍ അയാള്‍ കണ്ടു.. കടല്‍ത്തീരത്ത്‌ കക്ക പെറുക്കി നടന്ന യുറോപ്പ്യന് ശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത ബാഗ്ദാദിന്‍റെ ശാസ്ത്രജ്ഞന്മാരെ കണ്ടു.. അങ്ങനെ പല പല സുന്ദരകാഴ്ചകളും കണ്ടു അയാള്‍ ഉറങ്ങുകയാണ്...

നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ മണ്ടന്‍ ശപഥം ചുരുട്ടി കൂട്ടി ചവറ്റു കുട്ടയില്‍ എറിയുമെന്ന ദൃഡനിശ്ചയത്തിന്റെ ബലത്തില്‍ സുന്ദരമായി, സുഖമായി, ഗാഡമായി അയാള്‍ ഉറങ്ങുകയാണ്... മാനത്തെ താരകങ്ങള്‍ അപ്പോള്‍ അയാളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു... ആ നക്ഷത്രങ്ങളില്‍ പലതിനും അറബി നാമങ്ങളായിരുന്നു !!

ശുഭം.!!!

വായിക്കുന്നതോടൊപ്പം ഇസ്ലാം നമുക്ക് ആവശ്യമാണ് എന്ന ബോധം കൂടി ഉണ്ടാകട്ടെ...
മുസ്ലിംകളും നമ്മുടെ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയുക.
ആരെങ്കിലും കാണിക്കുന്ന തെമ്മാടിത്തരങ്ങൾ കണ്ട് ഇസ്ലാമിനെ മോശമാക്കാരുത്.
മുസ്ലിങ്ങളെ മാത്രം സംശയത്തിന്റെ നിഴലിൽ നിർത്തരുത്. മറ്റ് മതസ്തരിലും തെറ്റുകാർ ഉണ്ട് എന്ന തിരിച്ചറിവുണ്ടാകട്ടെ.   ......
മുസ്ലിം സമുദായവും കൂടി ചേർന്നാണ് നമ്മുടെ ഭാരതത്തിന് സ്വാതന്ത്യം നേടി തന്നത് എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ.......

Monday, December 14, 2015

സന്തോഷിക്കാൻ എളുപ്പമാണ്

ഡോ. ജാസിം മുതവ്വ

കൊച്ചു കൊച്ചു കാര്യങ്ങളിലാണ് സന്തോഷം ഒളിഞ്ഞിരിക്കുന്നത്. ധാരാളം സമ്പത്തോ, വലിയോ വീടോ, മുന്തിയ വാഹനമോ, വിലകൂടിയ വസ്ത്രങ്ങളോ ജീവിതത്തില്‍ സന്തോഷം നല്‍കിയെന്നു വരില്ല. ജീവിതത്തില്‍ സന്തോഷവും ആനന്ദവും കണ്ടെത്താനുള്ള 15 ചെറു മാര്‍ഗങ്ങൾ:

1. ഈ ലോകത്ത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ ഉണ്ടായിരിക്കുക: അത് നിങ്ങളുടെ കൂട്ടുകാരനോ സഹോദരനോ ഇണയോ മാതാപിതാക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആവാം. അവര്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന ബോധം നിനക്കുണ്ടാകുന്നു. അങ്ങനെ മനസ്സില്‍ ശുഭചിന്തകള്‍ വെച്ചുപുലര്‍ത്താനും അതിലൂടെ മാനസിക സംതൃപ്തി കൈവരിക്കാനും സാധിക്കുന്നു.

2. തെറ്റുകള്‍ പൊറുക്കാനും വിശാലമനസ്‌കത കാണിക്കാനും പഠിക്കുക: അത് ആരോടും നേരിട്ടോ സന്ദേശങ്ങള്‍ മുഖേനയോ പങ്കുവെക്കുമ്പോള്‍ നമുക്ക് ആത്മശാന്തിയും മനസംതൃപ്തിയും ലഭിക്കുന്നു.

3. ചെറുപ്പത്തില്‍ വളരെ ആനന്ദത്തോടെ ചെയ്തുകൊണ്ടിരുന്ന കാര്യം വീണ്ടും ചെയ്യാന്‍ ശ്രമിക്കുക:എന്റെയടുത്ത് വന്ന ഒരാള്‍ സൈക്കിള്‍ സവാരി അയാള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്നും ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ സൈക്കിള്‍ സവാരി ചെയ്യാറുണ്ടെന്നും പറഞ്ഞു. ഇതുമൂലം മാനസികമായി വളരെയധികം ഉന്മേശം ലഭിക്കുന്നതായി അയാള്‍ പറയുന്നു.

4. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക: മനസ്സിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന തരത്തിലുള്ള പുസ്തകങ്ങള്‍, നര്‍മപുസ്തകങ്ങള്‍ എന്നിവ വായിക്കാവുന്നതാണ്.

5. ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുക: ആ നല്‍കിയ പാരിതോഷികത്തെ പറ്റി അയാളോട് സംസാരിക്കുക, അയാള്‍ അതില്‍ മനസ്സു നിറഞ്ഞ് നിങ്ങളോട് നന്ദി പറയുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും.

6. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക: അവരുടെ വര്‍ത്തമാനങ്ങളും പരിഭവങ്ങളുമൊക്കെ കേള്‍ക്കുക, അവരോടൊപ്പം കളികളില്‍ ഏര്‍പ്പെടുക, തീര്‍ച്ചയായും താങ്കളെ അവര്‍ അവരുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകും. താങ്കള്‍ക്ക് അപ്പോള്‍ അതിയായ സന്തോഷമുണ്ടാകും.

7. നമ്മുടെ വസ്തുക്കള്‍ കൃത്യമായി അടുക്കും ചിട്ടയോടെയും സൂക്ഷിക്കുക: വസ്ത്രങ്ങളൊക്കെ പുറത്തെടുത്ത് അതില്‍ ധരിക്കാത്തവ പാവങ്ങള്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യുക.

8. അടുത്ത കൂട്ടുകാരനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക:അവനോട് സംസാരിക്കുമ്പോഴും കൂടെ സഹവസിക്കുമ്പോഴും നിങ്ങള്‍ക്ക് തൃപ്തി തോന്നുന്ന കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക.

9. കൃത്യമായി ഉറങ്ങുന്ന ശീലമുണ്ടാക്കുക: നിങ്ങളുടെ ചിന്തകള്‍ക്ക് വിശ്രമം നല്‍കാനും മനസ്സിന് സമാധാനം പകരാനും അത് സഹായിക്കും.

10. കായികവിനോദങ്ങളില്‍ ഏര്‍പെടുക: നീന്തല്‍, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും നടക്കുന്ന ശീലമുണ്ടാക്കുക.

11. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുക:മാതാപിതാക്കളോട് കുശലാന്വേഷണങ്ങള്‍ നടത്തുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്യുന്നത് സന്തോഷപ്രദമാണ്.

12. മറ്റുള്ളവരോട് പുഞ്ചിരിക്കുക:പുഞ്ചിരി മാനസികമായ സന്തോഷവും ഉന്മേഷവും നല്‍കും. തീരെ ചെലവ് ഇല്ലാത്തതും എന്നാല്‍ പുണ്യമുള്ളതുമായ ഒരു കാര്യം.

13. ഖബ്ര്‍ സന്ദര്‍ശിക്കുക: പരലോകചിന്തയെ ഉണര്‍ത്തുന്നതിലൂടെ ഐഹികലോകത്തെ ദുഖങ്ങളും വിഷമങ്ങളും മറക്കാന്‍ നമുക്ക് സാധിക്കുന്നു. പരലോകത്തെ ആത്യന്തിക ലക്ഷ്യസ്ഥാനമായി നമുക്ക് അനുഭവപ്പെടുമ്പോള്‍ നൈമിഷികമായ പരീക്ഷണങ്ങള്‍ നമ്മെ ഒരിക്കലും തളര്‍ത്തില്ല.

14. മുതിര്‍ന്നവരോടൊപ്പം സമയം ചെലവഴിക്കുക: തങ്ങളുടെ നര്‍മസംഭാഷണങ്ങളിലൂടെ താങ്കളെ സന്തോഷവാനും അനുഭവങ്ങളിലൂടെ സമ്പന്നനാക്കാനും അവര്‍ക്ക് സാധിക്കും.

15. പ്രാര്‍ത്ഥന: ഹൃദയവിശാലതയും മനശ്ശാന്തിയും ലഭിക്കാനായി നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.

Wednesday, August 26, 2015

ക്രിസ്റ്റ്യാനേ ബക്കര്‍ - അഭിമുഖം


1995ലാണ്‌ ബക്കറിന്റെ യാത്ര ആരംഭിക്കുന്നത്‌. എം ടി വിയിലെ പ്രമുഖ അവതാരകയായ ബക്കര്‍ ഇസ്‌ലാമാശ്ലേഷിച്ച വാര്‍ത്ത കേട്ട്‌ യൂറോപ്പ്‌ ഞെട്ടി. ദൃശ്യമാധ്യമ രംഗത്ത്‌ തിളങ്ങിനിന്ന കാലം. ബോബ്‌ ഗെല്‍ഡോഫ്‌, മിക്‌ ജാഗര്‍, ഡേവിഡ്‌ സോവീ, ആനി ലേനോക്‌സ്‌ തുടങ്ങിയ പ്രമുഖരോടൊപ്പം മീഡിയാരംഗത്ത്‌ പ്രവര്‍ത്തിച്ചു.

പ്രശസ്‌തരോടൊപ്പം പലയിടത്തും കറങ്ങി, എം ടി വിയുടെ വീഡിയോ മ്യൂസിക്‌ അവാര്‍ഡുകള്‍ നല്‌കാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനായി ഭൂഖണ്ഡാന്തര യാത്രകള്‍ ചെയ്‌തു. എന്നാല്‍ ആത്മീയതയും മതവുമായി ബന്ധമില്ലാത്ത ലോകമായിരുന്നു ബക്കറിന്റേത്‌.
പ്രശസ്‌തിയുടെ കൊടുമുടിയില്‍ ആയിരിക്കെ പ്രശസ്‌ത ക്രിക്കറ്റ്‌ കളിക്കാരനും ഇപ്പോള്‍ പാകിസ്‌താനിലെ തഹ്‌രികെ ഇന്‍സാഫ്‌ പാര്‍ട്ടിയുടെ നേതാവുമായ ഇംറാന്‍ഖാനെ പരിചയപ്പെട്ടു. ആ ബന്ധമാണ്‌ എന്നേക്കുമായി ബക്കറിന്റെ ജീവിതത്തെ മാറ്റിയത്‌. പാകിസ്‌താനിലൂടെയുള്ള യാത്രകളില്‍ തനിക്ക്‌ തീരെ പരിചയമില്ലാത്ത, ദൈവത്തോടുള്ള സ്‌നേഹം മുറ്റിനില്‌ക്കുന്ന തീര്‍ത്തും വ്യത്യസ്‌തമായ ഒരു ലോകം അവര്‍ കണ്ടു. ഫ്രം എം ടി വി ടു മക്ക എന്ന ബക്കറിന്റെ പുതിയ പുസ്‌തകം വായനക്കാരെ സ്വന്തത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു യാത്രയിലൂടെ കൊണ്ടുപോകുന്നു. പാകിസ്‌താനില്‍ നിന്ന്‌ ബോസ്‌നിയയിലേക്കും ഹാംബര്‍ഗില്‍ നിന്ന്‌ സുഊദി അറേബ്യയിലേക്കും ലോസ്‌ ഏഞ്ചല്‍സില്‍ നിന്ന്‌ ലണ്ടനിലേക്കുമുള്ള അവരുടെ യാത്രകളിലൂടെ യഥാര്‍ഥ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായുള്ള അവരുടെ അന്വേഷണത്തെ നാമും പിന്തുടരുന്നു. അവര്‍ തന്നെ സുന്ദരമായി എഴുതിയതുപോലെ: ``ദൈവത്തിന്റെ മാര്‍ഗത്തില്‍ ഞാന്‍ എത്രയധികം യാത്ര ചെയ്‌തുവോ അത്രത്തോളം ദൈവാനുഗ്രഹങ്ങള്‍ എനിക്കനുഭവപ്പെട്ടു. എന്റെ വിശ്വാസം ഇളക്കാന്‍ പറ്റാത്തവിധം കരുത്തുറ്റതായി വളര്‍ന്നു. എന്റെ ഹൃദയം മറ്റൊരു ഭവനം കണ്ടെത്തി.''

നിങ്ങളെഴുതിയ ഫ്രം എംടിവി റ്റു മക്ക എന്ന കൃതിയെ സംക്ഷിപ്‌തമായി പരിചയപ്പെടുത്താമോ?
യൂറോപ്പില്‍ വ്യാപകമായി ഇസ്‌ലാമോഫോബിയ (ഇസ്‌ലാമിനോടുള്ള ഭയം) നിലനില്‌ക്കുന്നതുകൊണ്ടാണ്‌ ഞാനാ പുസ്‌തകം എഴുതിയത്‌. 1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചപ്പോള്‍ എനിക്കു തന്നെ ഇതനുഭവപ്പെട്ടിട്ടുണ്ട്‌. എംടിവിയില്‍ പരിപാടികളവതരിപ്പിക്കുന്ന അവാര്‍ഡു ജേതാവായ ഒരുവതാരകയായിരുന്നു അക്കാലത്ത്‌ ഞാന്‍. ജര്‍മനിയില്‍ യുവാക്കള്‍ക്കും/യുവതികള്‍ക്കുമായി എന്റേതായ ഷോകളുണ്ടായിരുന്നു. ഞാന്‍ മുസ്‌ലിമായതോടു കൂടി എംടിവിയില്‍ ഷോ അവതരിപ്പിക്കുന്നതില്‍ നിന്ന്‌ എന്നെ ഒഴിവാക്കി. അതോടെ ജര്‍മനിയിലെ ടി വിയുമായി ബന്ധപ്പെട്ട എന്റെ കരിയറിന്‌ ഏതാണ്ട്‌ അന്ത്യമായി. വര്‍ഷങ്ങളോളം ഏജന്റുമാര്‍ എന്നോട്‌ പറഞ്ഞു: ``ടി വിയില്‍ ഇനിയും എന്നെങ്കിലും ജോലി ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ച്‌ സംസാരിക്കരുത്‌.''
അവരുടെ ഉപദേശം ഞാന്‍ ശ്രദ്ധിച്ചു. എന്റെ വിശ്വാസം കൂടുതല്‍ ആഴത്തിലുള്ളതാക്കിക്കൊണ്ടും, ഇസ്‌ലാമിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടും യാത്ര ചെയ്‌തുകൊണ്ടും ഞാനാ വര്‍ഷങ്ങള്‍ ചെലവഴിച്ചു. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക്‌ മിണ്ടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സുന്ദരമതത്തെ എത്ര മോശമായാണ്‌ മീഡിയ പലപ്പോഴും ചിത്രീകരിക്കുന്നത്‌. യഥാര്‍ഥത്തില്‍ സത്യമതമാണ്‌ ഇസ്‌ലാം. ഇത്‌ ഞാന്‍ ലോകത്തോട്‌ പറയാനാഗ്രഹിച്ചു. എനിക്കു നാല്‌പതു വയസ്സുള്ളപ്പോള്‍ ഞാന്‍ ഹജ്ജിനു പോയി. ജര്‍മന്‍ മീഡിയ ഇതിനെ നല്ല രീതിയില്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഒരു പ്രസാധകന്‍ എന്നെ സമീപിച്ച്‌ ചോദിച്ചു: ``നിങ്ങളുടെ കഥ ഒരു പുസ്‌തകരൂപത്തില്‍ എഴുതാനാഗ്രഹിക്കുന്നുണ്ടോ?'' ``എത്ര നല്ലത്‌!'' ഞാന്‍ ചിന്തിച്ചു. ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി പരിശ്രമിക്കാനും ഇസ്‌ലാമിനെതിരെ എനിക്കുണ്ടായിരുന്ന മുന്‍ധാരണകള്‍ ഇല്ലാതായത്‌ എങ്ങനെയെന്ന്‌ വിവരിക്കാനും ഞാന്‍ തീരുമാനിച്ചു. 


പലരും അസൂയപ്പെടുന്ന വിധം ഗ്ലാമറുള്ള ജോലിയും ജീവിതവുമായിരുന്നു നിങ്ങളുടേത്‌. എന്താണ്‌ അതില്‍ ഇല്ലാതിരുന്നത്‌?
എന്റെ ജീവിതത്തില്‍ ദൈവവുമായുള്ള ബന്ധമാണ്‌ ഇല്ലാതിരുന്നത്‌. ഒരു യുവതി/യുവാവ്‌ സ്വപ്‌നം കാണുന്നതെല്ലാം എനിക്കുണ്ടായിരുന്നു. പാര്‍ട്ടികള്‍, പ്രശസ്‌തരായ റോക്‌സ്റ്റാറുകളെ ഇന്റര്‍വ്യൂ ചെയ്യല്‍, വീഡിയോകളുടെ അനൗണ്‍സ്‌മെന്റ്‌, ടീമിനോടൊപ്പം പോകുന്നിടത്തെല്ലാം ഹാര്‍ദവമായ സ്വീകരണം. പക്ഷേ, ഉള്ളില്‍ ഞാന്‍ യഥാര്‍ഥത്തില്‍ സംതൃപ്‌തിയായിരുന്നില്ല.


ഇസ്‌ലാമാശ്ലേഷിക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ എത്രത്തോളം അറിയാമായിരുന്നു?
1992ല്‍ ഇസ്‌ലാമിനെ എനിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ താടിയുള്ള ഇമാമല്ല, സുന്ദരനായ, സ്‌പോര്‍ട്‌സ്‌ സ്റ്റാറായ ഇംറാന്‍ഖാനാണ്‌. ആയിടെ വേള്‍ഡ്‌കപ്പ്‌ നേടിയ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അദ്ദേഹം. എനിക്ക്‌ ക്രിക്കറ്റിനെക്കുറിച്ച്‌ ഒന്നുമറിയാതിരുന്നതു കൊണ്ട്‌ തന്നെ അദ്ദേഹത്തെ ഞാനത്ര പരിഗണിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹം എന്നെ ആദ്യമായി ഇസ്‌ലാം പഠിപ്പിച്ച വ്യക്തിയായി. മൂന്നു വര്‍ഷത്തോളം ഞാന്‍ പഠിച്ചു. ഒരുപാട്‌ പുസ്‌തകങ്ങള്‍ വായിച്ചു. പലവട്ടം പാകിസ്‌താനിലേക്ക്‌ യാത്ര ചെയ്‌തു. പണ്ഡിതന്മാരോടും ലണ്ടനിലെയും പാകിസ്‌താനിലെയും സാധാരണക്കാരോടും ഞാന്‍ പല ചോദ്യങ്ങളും ചോദിച്ചു. മുന്നുവര്‍ഷത്തെ പഠനത്തിനു ശേഷം മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്കുവേണ്ടി ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചു.

ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം മുസ്‌ലിം ലോകത്തിലൂടെയുള്ള യാത്രകളെക്കുറിച്ച്‌ വിവരിക്കാമോ? നിങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും പൊതു പാശ്ചാത്യധാരണകളില്‍ നിന്നും വളരെവ്യത്യസ്‌തമായിരുന്നുവോ മുസ്‌ലിംലോകം?

ഏറെ ധാരണകളൊന്നും ഞങ്ങള്‍ക്കില്ല. പാകിസ്‌താനെക്കുറിച്ച്‌ മോശപ്പെട്ട വാര്‍ത്തകളല്ലാതെ നിങ്ങള്‍ കേള്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടെ പ്രവേശിച്ച നിമിഷം മുതല്‍ ഞാനാ നാടിനെ ഇഷ്‌ടപ്പെട്ടു. അത്യാകര്‍ഷകമായ ഭൂപ്രകൃതിയും മലകളും പുല്‍ത്തകിടികളും മരുഭൂമികളുമുള്ള ഒരു സുന്ദര രാജ്യമാണത്‌. വളരെ ഉദാരരും നല്ല സൗഹൃദത്തോടെ പെരുമാറുന്നവരും തങ്ങള്‍ക്കുള്ളത്‌ എത്ര കുറച്ചായിരുന്നാലും നമ്മളുമായി പങ്കുവെക്കുന്നവരുമാണവര്‍. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ആളുകള്‍ പോലും അങ്ങനെയാണ്‌. പല യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാനും ചിന്തിപ്പിക്കാനും എന്റെ യാത്രകള്‍ക്ക്‌ കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ രണ്ട്‌ വ്യത്യസ്‌ത ലോകങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ചില നിര്‍ണായക നിമിഷങ്ങളെയും ഞാന്‍ നേരിട്ടു. പടിഞ്ഞാറ്‌ സമയം പണമാണ്‌ (time is money). പലവിധ സമ്മര്‍ദങ്ങളും ഉള്ളതിനാല്‍ ആളുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി സമയം ചെലവഴിക്കുകയില്ല. പാശ്ചാത്യ ലോകത്തെ ജനങ്ങളുടെ ജീവിതത്തില്‍ ദൈവികചിന്ത പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ പടിഞ്ഞാറ്‌ വിശ്വാസം വല്ലാതെ പരിമിതപ്പെട്ടിരിക്കുന്നു. എന്റെ പുസ്‌തകത്തിലൂടെ വിശ്വാസത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കാനാണ്‌ ഞാന്‍ ശ്രമിച്ചിരിക്കുന്നത്‌. അതെ, പാകിസ്‌താനില്‍ എല്ലാവരും ദൈവത്തിന്റെ നാമത്തിലാണ്‌ എല്ലാം ചെയ്യുന്നത്‌. ദൈവത്തില്‍ നിന്നുള്ള പ്രീതി പ്രതീക്ഷിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ക്കുവേണ്ടി പലതും ത്യജിക്കുകയും ചെയ്യുന്നു.


നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തിന്‌ ദൈവം ഉപയോഗിച്ച ടൂള്‍ ആണ്‌ ഇമ്‌റാന്‍ ഖാന്‍ എന്ന്‌ നിങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഏതു വശമാണ്‌ നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത്‌?
യഥാര്‍ഥത്തിലത്‌ ഒരു കാര്യം മാത്രമല്ല. പാവങ്ങള്‍ക്ക്‌ ഫ്രീയായി ചികിത്സ ലഭ്യമാക്കുന്നതിനായി ലാഹോറില്‍ അദ്ദേഹം ആശുപത്രി സ്ഥാപിച്ച രീതിയും എന്നില്‍ നല്ല മതിപ്പുളവാക്കി. ആശുപ്രത്രിക്കുള്ള ഫണ്ട്‌ ശേഖരണത്തിനായി വളണ്ടിയര്‍മാരുടെ കൂട്ടം രാവും പകലും പണിയെടുക്കുന്നു. ഒരര്‍ഥത്തില്‍ ദൈവത്തിന്‌ സേവനം ചെയ്യുന്ന പോലെ. ഈ ആശുപത്രി യും നിര്‍മാണം എന്ന വാഗ്‌ദാനം നിറവേറ്റുന്നതിനായി തന്റെ കരിയര്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ട്‌ ഒരു ജനസേവകനായി അദ്ദേഹം മാറി. ലോകത്തെ മുസ്‌ലിം കണ്ണുകളിലൂടെ കാണുന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നാണ്‌ ഇതുണ്ടായത്‌. മുമ്പ്‌ എനിക്കിത്‌ പരിചയമില്ല.
പരലോകം ലക്ഷ്യമാക്കുന്ന, വിശ്വാസികളല്ലാത്തവര്‍ക്കില്ലാത്ത, അല്‌പം വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌ അദ്ദേഹത്തിന്‌ ലോകത്തെക്കുറിച്ചുള്ളത്‌. ദൈവത്തില്‍ ഇത്ര ഉറച്ച്‌ വിശ്വസിക്കുന്ന സ്വന്തം ഈമാനും അറിവും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണ്‌. യഥാര്‍ഥത്തില്‍ ഫിലോസഫി എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഞാന്‍ വളരെയധികം സന്തോഷിക്കുകയും ആദ്യനിമിഷം തന്നെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ വായന ആരംഭിച്ചു; ആ ഫിലോസഫി അന്വേഷിച്ചുകൊണ്ട്‌.

നിങ്ങളുടെ യാത്രകളില്‍ നിന്നും പഠനത്തില്‍നിന്നും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിനും സംസ്‌കാരത്തിനും തുര്‍ക്കി എന്ത്‌ സംഭാവനകള്‍ നല്‍കി എന്നാണ്‌ നിങ്ങളുടെ വിലയിരുത്തല്‍?
എട്ട്‌ നൂറ്റാണ്ടിലേറെ നിലനിന്ന ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ വേരുകള്‍ വ്യക്തമായും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിലും സൂഫിസത്തിലുമാണ്‌. അക്കാലഘട്ടത്തില്‍ പല തത്വചിന്തകരും പണ്ഡിതന്മാരും ഇസ്‌ലാമിക ചിന്തക്കും തത്വശാസ്‌ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. നമുക്കെല്ലാം അറിയാവുന്ന പോലെ, ദൗര്‍ഭാഗ്യവശാല്‍, മുസ്‌തഫ കമാല്‍ അത്താതുര്‍ക്കിന്റെ കാലത്ത്‌ സൂഫിസവും ആത്മീയതയും വിലക്കപ്പെടുകയും പ്രാര്‍ഥിക്കാനായി ഒരുമിച്ചാല്‍ പോലീസ്‌ പിടിച്ചുകൊണ്ടുപോകാന്‍ സാധ്യതയേറുകയും ചെയ്‌തു. അതെല്ലാം തീര്‍ത്തും ദു:ഖകരമായിരുന്നു. എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ മാറിവരുന്നതായിട്ടാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തോട്‌ കൂട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണമെന്തായിരുന്നു?
ഞാനെന്തുകൊണ്ടാണ്‌ ഇസ്‌ലാമാശ്ലേഷിച്ചതെന്ന്‌ എന്റെ കുടുംബത്തിലുള്ളവര്‍ക്ക്‌ മനസ്സിലായില്ല. ഒരുപാട്‌ ചര്‍ച്ചകളും ഡിബേറ്റുകളും വീട്ടില്‍ നടന്നു. എങ്കിലും ഇപ്പോള്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്തുണയ്‌ക്കുന്നു. ഞാന്‍ സന്തോഷവതിയാണെന്നതുകൊണ്ടാണ്‌ അവരെന്നെ പിന്തുണയ്‌ക്കുന്നത്‌. ഇസ്‌ലാം എന്നെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കതിനോട്‌ എതിര്‍പ്പില്ല.ഒരു അഭിമുഖത്തില്‍ ബോബ്‌ ഗെല്‍ഡോഫ്‌ വിനയാന്വിതനായി പറഞ്ഞതുപോലെ, എനിക്ക്‌ വ്യത്യാസം വന്നിട്ടില്ല, എന്റെ പ്രകൃതം പഴയതുതന്നെയാണ്‌. എന്റെ പല ശീലങ്ങളും ഞാന്‍ മാറ്റിയെങ്കിലും. അതുകൊണ്ടുതന്നെ കുടുംബത്തിലുള്ളവര്‍ക്ക്‌ ഇനിയും എന്നെ അംഗീകരിക്കാതിരിക്കാനാവില്ല.

ഇസ്‌ലാമിശ്ലേഷിക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ക്ക്‌ പല വി ഐ പികളുമായി പരിചയമുണ്ടായിരുന്നു. വിശ്വാസിനി ആയതിനു ശേഷം അവരെക്കുറിച്ചുള്ള ധാരണകള്‍ക്ക്‌ മാറ്റം വന്നോ?
എന്റെ വിശ്വാസവും ഞാനിപ്പോള്‍ വിശ്വസിക്കുന്ന മൂല്യങ്ങളും എല്ലാത്തിനെക്കുറിച്ചുമുള്ള എന്റെ കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തി. ആളുകളെക്കുറിച്ചും എന്റര്‍ടെയ്‌ന്‍മെന്റ്‌ ബിസിനസിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും... ഞാനിപ്പോള്‍ ആളുകളെ വ്യത്യസ്‌ത കണ്ണുകളിലൂടെയും വ്യത്യസ്‌ത മൂല്യങ്ങളിലൂടെയുമാണ്‌ വിലയിരുത്തുന്നത്‌. അതാണ്‌ മതത്തിന്റെ സൗന്ദര്യം. യഥാര്‍ഥമായ ഒരു പാത പിന്തുടരാന്‍ വേണ്ട കരുത്തും ശക്തിയും അത്‌ നല്‍കുന്നു. അത്‌ അത്യാഹ്ലാദകരമായിരുന്നാലും അല്ലെങ്കിലും. ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക്‌ അത്യാഹ്ലാദങ്ങളെല്ലാം അപ്രധാനമാണ്‌. എന്റെ വീക്ഷണത്തില്‍ ബോബ്‌ ഗെല്‍ഡോഫ്‌ ഇപ്പോഴും അസാധാരണ മനുഷ്യനാണ്‌. അദ്ദേഹം മാനവികതക്കും പാവപ്പെട്ടവര്‍ക്കും തന്റെ മക്കള്‍ക്കും തന്റെ കുടുംബക്കാര്‍ക്കും ചെയ്യുന്ന ഉപകാരങ്ങള്‍ കൊണ്ടുതന്നെ. ഉദാരത ആരംഭിക്കേണ്ടത്‌ സ്വഭവനത്തില്‍ നിന്നാണ്‌. നമ്മുടെ വീട്ടില്‍ നാം നല്ല വ്യക്തിയായിരിക്കണം എന്നതിനായിരിക്കണം മുന്‍ഗണന.
മുസ്‌ലിമായി ജീവിച്ചുകൊണ്ടുതന്നെയുള്ള അന്വേഷണത്തില്‍ ഞാന്‍ പലതും മനസ്സിലാക്കി. നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിംകളും നല്ലവരല്ലെന്ന ദു:ഖസത്യവും ഞാനറിഞ്ഞു. ചിലര്‍ പ്രാര്‍ഥിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നുണ്ടാവാം. എന്നിട്ട്‌ ജീവിതത്തില്‍ വഞ്ചിക്കുകയും കളവ്‌ പറയുകയും ചെയ്യുന്നു. ഇത്‌ രണ്ടും എങ്ങനെയാണ്‌ ഒത്തുപോവുക?

ജര്‍മന്‍ മീഡിയ ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കുന്നത്‌ നിങ്ങളുടെ നാടിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയോ?
ന്യായമായ കാരണങ്ങളാല്‍ ഞാന്‍ ലണ്ടനിലാണ്‌ താമസിക്കുന്നത്‌. ഞാനാരാണെന്നറിഞ്ഞുകൊണ്ട്‌ എന്നെ ഇവിടെയുള്ളവര്‍ സ്വീകരിക്കുന്നതായി എനിക്കനുഭവപ്പെടുന്നതുകൊണ്ടാണിത്‌. ഇസ്‌ലാമും മുസ്‌ലിംകളുമായി ഇടപെടുന്ന കാര്യത്തില്‍ ജര്‍മനി ഇത്തിരി പിറകിലാണെന്നാണ്‌ എന്റെ അനുഭവം. വളരെ സജീവരാണിവിടുത്തെ മുസ്‌ലിംകള്‍. പ്രാദേശികമായും അന്താരാഷ്‌ട്രതലത്തിലും.

നിങ്ങള്‍ ഇസ്‌ലാമാശ്ലേഷിക്കുന്ന സമയത്തുണ്ടായിരുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച്‌ നിങ്ങള്‍ പറഞ്ഞു. ഇതൊന്ന്‌ വിശദീകരിക്കാമോ? സെപ്‌തംബര്‍ 11നും അറബ്‌ വസന്തത്തിനും ശേഷം ഈ അവസ്ഥയ്‌ക്ക്‌ അടുത്തകാലത്ത്‌ എന്തെങ്കിലും മാറ്റമുണ്ടായോ?
ലണ്ടനില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ്‌ ഞാനിവിടെ തങ്ങുന്നത്‌. രണ്ട്‌ പ്രവണതകള്‍/അടിയൊഴുക്കുകള്‍ നിലവിലുണ്ടെന്ന്‌ ഞാന്‍ കരുതുന്നു: ഒന്ന്‌, നല്ല പ്രവണതയും മറ്റേത്‌ മോശം പ്രവണതയും. ഒരു വശത്ത്‌ -ഹലാല്‍ ഭക്ഷണവും ഉത്‌പന്നങ്ങളും കൂടുതല്‍ ലഭ്യമാണിവിടെ. ഹലാല്‍ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റ്‌ 2.1 ട്രില്യണ്‍ ഡോളറിന്റെതാണിവിടെ. ഉപഭോക്താക്കളും ബിസിനസുകാരും ഈ രംഗത്തേയ്‌ക്ക്‌ കടന്നുവന്നുകൊണ്ടിരിക്കുന്നു. പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത മാര്‍ക്കറ്റാണിത്‌. സാമ്പത്തികരംഗത്ത്‌ ഇത്‌ നല്ല ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മുസ്‌ലിംകള്‍ക്കനുയോജ്യമായ വസ്‌ത്രങ്ങള്‍, അയഞ്ഞ കുപ്പായം എന്നിവ ഫാഷനായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സന്തോഷകരമാണ്‌. എന്നാല്‍ മറുവശത്ത്‌ ഇസ്‌ലാമോഫോബിയയും പടരുന്നു. അതുകൊണ്ടാണ്‌ ഞാനെന്റെ പുസ്‌തകമെഴുതിയത്‌ (വ്യക്തമായും 9/11നു ശേഷവും മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ ഭീതിതമായ സംഭവങ്ങള്‍ക്കു ശേഷവും). പ്രവാചകനെ ആക്ഷേപിച്ചുകൊണ്ടുള്ള സിനിമയുടൈ പേരില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടു. സിനിമ വൃത്തികെട്ടതായിരുന്നു. എന്നാല്‍ അതൊരാളെ കൊല്ലാന്‍ കാരണമായിക്കൂടാ. ഇത്തരം സംഭവങ്ങള്‍ നമ്മെ സഹായിക്കുകയല്ല, പിന്നോട്ട്‌ തള്ളുകയാണ്‌ ചെയ്യുക.
1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം ഇസ്‌ലാമിനെക്കുറിച്ച്‌ പരസ്യമായി സംസാരിക്കാന്‍ എന്താണ്‌ ഇത്രകാലം കാത്തുനിന്നത്‌?
എന്റെ ജോലികള്‍ നഷ്‌ടപ്പെട്ടതിനു ശേഷം ഞാനാകെ സങ്കടത്തിലായിരുന്നു. മുസ്‌ലിമായത്‌ എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെയാവുകയാണ്‌. മീഡിയയുടെ നെഗറ്റീവായ പ്രചാരണം മൂലം സംഭവിച്ചത്‌ തീര്‍ച്ചയായും വളരെ മോശമായിരുന്നു. എന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഞാനാഗ്രഹിച്ചു. എന്നാല്‍ ഞാനതിന്‌ വേണ്ടത്ര ഒരുങ്ങിയിരുന്നില്ല. എം ടി വിയിലെ ജോലിയ്‌ക്കു ശേഷം എന്തിനെക്കുറിച്ച്‌ സംസാരിക്കാനാണ്‌ എനിക്ക്‌ കഴിയുക. എനിക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ശൈഖ്‌ അന്ന്‌ എന്നോടു പറഞ്ഞു: ``നിങ്ങളുടെ ദീന്‍ ആദ്യമായി നിങ്ങളുടെ വിശ്വാസത്തെ ഭദ്രമാക്കട്ടെ, അതില്‍ നിങ്ങള്‍ക്ക്‌ സംതൃപ്‌തി തോന്നട്ടെ.'' ആ ഉപദേശം ലഭിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌. ഏതാണ്ട്‌ ഇരുപതു വര്‍ഷത്തെ വായനക്കുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോളെനിക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സംസാരിക്കാനാവും.

`ഇന്‍സ്‌പയേര്‍ഡ്‌ ബൈ മുഹമ്മദ്‌' (Inspired by Muhammad)കാമ്പയിനില്‍ നിങ്ങളും പങ്കെടുത്തല്ലോ. ആ കാമ്പയിനെക്കുറിച്ച്‌ ചെറുതായൊന്ന്‌ പറയാമോ?
പ്രവാചകന്‍ മുഹമ്മദ്‌(സ) നെക്കുറിച്ചും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചുമുള്ള പോസ്റ്ററുകള്‍ രണ്ടു വര്‍ഷം മുമ്പ്‌ ഞങ്ങള്‍ ബസുകളിലും ടാക്‌സികളിലും ഭൂഗര്‍ഭ ട്രെയിനുകളിലും പതിച്ചിരുന്നു. എന്റെ മുദ്രാവാക്യം `ഞാന്‍ പരിസ്ഥിതിയില്‍ വിശ്വസിക്കുന്നു. അതുപോലെ മുഹമ്മദ്‌(സ)യിലും വിശ്വസിക്കുന്നു' എന്നതായിരുന്നു. ചില തെറ്റിദ്ധാരണകള്‍ തകര്‍ക്കുന്നതിനു മാത്രമായിരുന്നു അത്‌. ഒരു മാര്‍ക്കറ്റ്‌ റിസേര്‍ച്ച്‌ ഏജന്‍സിയായ യൂഗോവ്‌ (YouGov) ന്റെ പിന്തുണയോടെയാണ്‌ ഞങ്ങളിത്‌ ചെയ്‌തത്‌. യൂഗോവിന്റെ സര്‍വേയില്‍ കണ്ടെത്തിയത്‌ ബ്രിട്ടനിലെ 50 ശതമാനം ആളുകള്‍ ഇസ്‌ലാം ഭീകരവാദമാണെന്ന്‌ കരുതുന്നുവെന്നും 58 ശതമാനം ആളുകള്‍ ഇസ്‌ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്‌ കരുതുന്നുവെന്നും. 69 ശതമാനം ആളുകള്‍ ഇസ്‌ലാം സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന മതമായി കാണുന്നുവെന്നുമാണ്‌. ഇവിടത്തെ ആളുകള്‍ പൊതുവെ എങ്ങനെയാണ്‌ ചിന്തിക്കുന്നതെന്ന്‌ ഇത്‌ കാണിക്കുന്നു. യൂറോപ്പില്‍ വളരെ മോശമാണവസ്ഥ. അതുകൊണ്ട്‌ നമുക്കെല്ലാം പിടിപ്പത്‌ പണിയുണ്ട്‌.
ഒരു സ്‌ത്രീയെന്ന നിലയില്‍ ഇസ്‌ലാം എന്തു നല്‍കി?
ഇസ്‌ലാമെനിക്ക്‌ മാന്യത നല്‌കി. ഞാന്‍ സെക്‌സ്‌ ഒബ്‌ജെക്‌ട്‌ എന്ന നിലയിലല്ല, വ്യക്തി എന്ന നിലയില്‍ ആദരിക്കപ്പെടുന്നു. ഉദാഹരണമായി എബ്‌റു
ടി വി (Ebru TV) എന്ന ടി വി സ്റ്റേഷനുവേണ്ടി ജോലി ചെയ്‌തു. അവിടെ എല്ലാവരും വളരെ മാന്യമായാണ്‌ എന്നോട്‌ പെരുമാറിയത്‌. ഒരാളും ശൃംഗരിക്കാന്‍ വന്നില്ല. എന്നാല്‍ പടിഞ്ഞാറുള്ള ടി വി സ്റ്റേഷനുകളില്‍ ജോലി ചെയ്യുമ്പോള്‍ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരും. പൊതുവെ പാശ്ചാത്യ ലോകത്തെ മുഖ്യാധാരാ സമൂഹം ലൈംഗിക അതിപ്രസരത്തിന്റെ പിടിയിലാണ്‌. സ്‌ത്രീകളോട്‌ വ്യംഗ്യോക്തികളുപയോഗിക്കലും പ്രേമ പ്രകടനങ്ങളും വ്യാപകമാണവിടെ. എന്നാല്‍ മുസ്‌ലിം പശ്ചാത്തലത്തില്‍ ഇത്‌ സംഭവിക്കുന്നില്ല. ആളുകള്‍ വളരെ ആദരവോടെ പെരുമാറുന്നു. തീര്‍ച്ചയായും ഞാനതിഷ്‌ടപ്പെടുന്നു.


മുമ്പ്‌ ഇസ്‌ലാമാശ്ലേഷിച്ച ക്യാറ്റ്‌ സ്റ്റീവന്‍സ്‌ (യൂസുഫ്‌ ഇസ്‌ലാം) തുടക്കത്തില്‍ സംഗീതം പോലുള്ളവയില്‍ നിന്ന്‌ അകന്ന്‌ നിന്നിരുന്നു. എന്നാല്‍ ഈ അടുത്തകാലത്ത്‌ അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള നിലപാട്‌ മൃദുവാകുകയും തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി സമ്മതിക്കുകയും ചെയ്‌തു. മുസ്‌ലിമായതിനുശേഷം ഇസ്‌ലാമിനോടുള്ള നിലപാടില്‍ മാറ്റമുണ്ടായോ?
ഇസ്‌ലാമുമായി തുടര്‍ച്ചയായ ബന്ധമാണ്‌ എന്റേത്‌. എന്നെ സംബന്ധിച്ചിടത്തോളം ക്രമേണ കൂടുതലായി കീഴ്‌പ്പെടുകയും വഴങ്ങുകയും ചെയ്യേണ്ടുന്ന വഴിയാണിത്‌. ഇസ്‌ലാം അങ്ങനെയല്ലെന്ന്‌ എനിക്ക്‌ പറയാനാവില്ല. അത്‌ ഇസ്‌ലാമിന്റെ വ്യത്യസ്‌തമായ ഉപയോഗമാണ്‌. ഭാഗ്യവശാല്‍ ഇസ്‌ലാമിന്റെ കൂടുതല്‍ ആത്മീയമായ അധ്യാപനങ്ങളാണ്‌ എന്നെ സ്വാധീനിച്ചത്‌. ഇസ്‌ലാമില്‍ പ്രവേശിച്ച അന്ന്‌ മുതല്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാവര്‍ത്തികമാക്കാനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. മുമ്പ്‌ എനിക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ തുറന്ന്‌ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലയും ഈ സുന്ദര ദീനിനെക്കുറിച്ച്‌ വാചാലയുമാണ്‌. ഇനി ഞാന്‍ നിശ്ശബ്‌ദയല്ല.
പടിഞ്ഞാറും ഇസ്‌ലാമും കൂടുതല്‍ സഹവര്‍ത്തിത്വത്തോടെ എങ്ങനെ മുന്നോട്ടു പോകുമെന്നാണ്‌ നിങ്ങളുടെ അഭിപ്രായം?
എനിക്ക്‌ തികച്ചും പോസിറ്റീവായ കാഴ്‌ചപ്പാടാണുള്ളത്‌. കൂടുതല്‍ കൂടുതല്‍ മുസ്‌ലിംകള്‍ പടിഞ്ഞാറ്‌ ജനിക്കുകയും അവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നുപോവുകയും കേവലം മുസ്‌ലിം സമുദായത്തിലൊതുങ്ങാതെ സമൂഹത്തിലെ മുഖ്യധാരാ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതോടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടും. വ്യക്തി സമ്പര്‍ക്കങ്ങളിലൂടെ മാത്രമാണ്‌ തെറ്റിദ്ധാരണകള്‍ നീങ്ങിപ്പോവുക. നിങ്ങള്‍ക്കറിയാത്ത ഒന്നിനെക്കുറിച്ച്‌ നിങ്ങള്‍ പെട്ടെന്ന്‌ കേള്‍ക്കുന്നു. അതോടെ നിങ്ങളുടെ മനസ്സ്‌ മാറുന്നു. അതുകൊണ്ട്‌ ഇടപെടുക, സമൂഹവുമായി ഇടപഴകുക (കേവലം സാമുദായിക മേഖലകളിലൊതുങ്ങാതെ) എന്നത്‌ അതിപ്രധാനമാണെന്ന്‌ ഞാന്‍ കരുതുന്നു. ദൗര്‍ഭാഗ്യവശാല്‍ ജര്‍മനിയില്‍ ഇരുഭാഗത്തുനിന്നും പരസ്‌പരം ഇടപെടല്‍ ഉണ്ടാകുന്നില്ല.

മക്കയില്‍ നിന്ന്‌ എംടിവിയിലേക്ക്‌ ചേക്കാറാന്‍ ആഗ്രഹിക്കുന്ന ഒരുപാട്‌ മുസ്‌ലിം പെണ്‍കുട്ടികളുണ്ട്‌. എന്നാല്‍ നിങ്ങള്‍ എംടിവിയില്‍ നിന്ന്‌മക്കയിലേക്കാണ്‌ പോയത്‌. അവര്‍ക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്‌?
എന്റെ പുസ്‌തകം വായിച്ച്‌ പ്രചോദനം നേടൂ. ഞാന്‍ എംടിവിയിലായിരുന്നു. അത്‌ അന്തിമമായ സന്തോഷം തരില്ല. വിശ്വാസത്തിലൂടെ സന്തോഷം നേടുക, അപ്പോഴും നിങ്ങള്‍ക്ക്‌ എംടിവി കാണാം. വിശ്വാസം എന്ന സമ്പത്തുണ്ടെങ്കില്‍ അതുതന്നെയാണ്‌ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്തോഷവും സംതൃപ്‌തിയും നല്‌കുന്നത്‌. ഉപഭോഗസംസ്‌കാരമോ എംടിവിയോ ആ സന്തോഷം തരില്ല.

വിവ.സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍
(Courtesy: Shabab Weekly `ഫ്രം എംടിവി ടു മക്ക')

Saturday, October 6, 2012

അമീന അസൈലിമി - കൊടുങ്കാറ്റുകൾക്കൊടുവിലെ വസന്തം

   

അളവറ്റ ദയാപരനായ പ്രപഞ്ചനാഥന്റെ നാമത്തിൽ..

മേരിക്കയിലെ ഇന്റർ നാഷണൽ യൂണിയൻ ഓഫ് മുസ്ലിം വിമൺ എന്ന സംഘടനയുടെ മുൻ പ്രസിഡന്റായിരുന്നു അമീന അസൈലിമി.

  ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് അവർ  ഒരു ബാപ്റ്റിസ്റ്റ് കൃസ്തീയ കുടുംബത്തിലെ അംഗമായിരുന്നു. അമേരിക്കൻ വനിതകൾക്കിടയിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ച അമീന അസൈലിമിയുടെ പ്രബോധന പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും മൂർച്ചയേറിയ എഴുത്തും ചുരുങ്ങിയ കാലം കൊണ്ട് ലോക വ്യാപക ശ്രദ്ധ നേടിയെടുത്തു. തന്റെ  മരണം വരെ ഇസ്ലാമിക പ്രവർത്തനങ്ങൾക്കു് മുൻ തൂക്കം നൽകിയ അമീന വെട്ടിത്തെളിച്ച പാതയിലൂടെ ഇസ്ലാം പുൽകാൻ ദിനം പ്രതി കടന്നു വരുന്നത് പാശ്ചാത്യ പ്രമുഖരുടെ നീണ്ട നിരയാണ്. ദൈവിക ദർശനത്തിന്റെ പ്രസക്തി നശിപ്പിക്കാൻ തീവ്രവാദ ആരോപണങ്ങൾക്കു് കഴിയില്ല എന്നതിന്റെ വർത്തമാനകാല ഉദാഹരണമാണ് ഇവരുടെ ഇസ്ലാം പ്രവേശനവും പ്രബോധന പ്രവർത്തനങ്ങളും.






         ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്ന അമീന അസൈലിമിയുടെ ചരിത്രം ഒരുപക്ഷേ  ഭാവനകൾക്കും അപ്പുറത്താണ്. ചെറുപ്പം മുതൽ  അതിസമർഥയായിരുന്ന അവർ വിദ്യാഭ്യാസ കാര്യങ്ങളിൽ മറ്റു കുട്ടികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. നിരവധി അക്കാദമിക് ബഹുമതികൾ ലഭിച്ച അസൈലിമി തന്റെ യൗവ്വന കാലഘട്ടം ഗവേഷണാത്മകമായ നിലയിലായിരുന്നു വിനിയോഗിച്ചത്. 
      
         ഏതൊരു കൃസ്ത്യാനിയെയും പോലെ അസൈലിമിയും ഇസ്ലാമിനെ കുറിച്ച് കേട്ടറിഞ്ഞ കഥകളിൽ മുൻവിധി ധാരാളം കലർന്നിരുന്നു. അവരുടെ ജീവിതത്തിൽ  വഴിത്തിരിവായത് 1975ൽ ലഭിച്ച ഒരു സ്കോളർഷിപ് ആയിരുന്നു. ഇതിൻപ്രകാരം കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി ഓക്കോഹാമ പട്ടണത്തിൽ എത്തിയ അസൈലിമി  തന്റെ സുഹൃത്തുക്കളാകാൻ പോകുന്നവരെ കണ്ട് അമ്പരന്നു.അവിടത്തെ  വിദ്യാർഥികളിൽ ഭൂരിഭാഗവും അറബ് വംശജർ ആയിരുന്നു .

          "ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല" ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അസൈലിമിയെ സമാശ്വസിപ്പിച്ചു. "ഈ അറബ് വിദ്യാർഥികളിലേക്ക് കൃസ്തീയ ദർശനത്തിന്റെ മഹത്വം പകർന്നു നൽക്കാൻ നിനക്കു കഴിയും. വളരെ വേഗം അവരെ കൃസ്ത്യാനികളാക്കാൻ സാധിക്കും. അതിനായി പരിശ്രമിക്കൂ" എന്ന ഭർത്താവിന്റെ  വാക്കുകളിൽ കഴമ്പുണ്ടെന്നു തോന്നിയ അസൈലിമി താൻ കൈവരിക്കാൻ പോകുന്ന സാംസ്കാരിക നേട്ടത്തിൽ  അഭിമാനിച്ചു. ഒരുപക്ഷേ ഈ കമ്പ്യൂട്ടർ പഠനം കർത്താവ് തനിക്കു നൽകിയ ഒരു അവസരമായിരിക്കാം എന്ന വിചാരത്തോടെ അവർ തന്റെ സ്കോളർഷിപ് പഠനം തുടരാൻ തീരുമാനിച്ചു.






  
        കമ്പ്യൂട്ടർ പഠനവും അറബ് യുവജനങ്ങളോടുള്ള അറപ്പ് കലർന്ന  സഹകരണവും തുടർന്നപ്പോൾ എത്രയും പെട്ടെന്ന് ഇസ്ലാം ഒരു കെട്ടുകഥയാണെന്ന് തെളിയിച്ച് "സംസ്കാര ശൂന്യരായ" സഹപാഠികളെ "നേർവഴിക്കു നയിക്കാൻ" അസൈലിമി വെമ്പൽ കൊണ്ടു. "ഇസ്ലാമിന്റെ പൊള്ളത്തരം" വെളിച്ചത്തു കൊണ്ടുവരാൻ ഖുർആനിന്റെ ഇംഗ്ലീഷ്  പരിഭാഷ സഹപാഠിയായ അറബി വഴി  വാങ്ങി വായന ആരംഭിച്ചു.

     പക്ഷേ അവിടെ ചരിത്രം വഴിമാറുകയായിരുന്നു. ഖുർആൻ വാക്യങ്ങളുടെ അഗാധതലങ്ങളിൽ നിന്നും ആശയ വിസ്ഫോടനത്തിന്റെ മാസ്മരികത വിഴിഞ്ഞൊഴുകുന്നത്  അസൈലിമി അനുഭവിക്കാൻ തുടങ്ങി. അതൊരു കൊടുങ്കാറ്റിന്റെ മർമരമായിരുന്നു. വർത്തമാനകാല ജീവിതത്തിന്റെ രൂപഭാവങ്ങളെ ഉഴുതുമറിക്കുന്ന മാറ്റത്തിന്റെ ഋതുക്കൾ ഖുർആൻ വചനങ്ങളിലൂടെ തന്നിലേക്ക് സന്നിവേശിക്കുന്നത് ആദ്യമൊന്നും അസൈലിമി അറിഞ്ഞിരുന്നില്ല.
      
         ഖുർആൻ വചനങ്ങളിലെ താക്കീതുകളെ ധിക്കരിക്കാൻ കഴിയാതിരുന്ന ഒരു മാനസികാവസ്ഥയാണ് അസൈലിമിയിലുണ്ടായ ആദ്യ ചുവടുവയ്പ്. ശനിയാഴ്ച രാത്രികളിൽ ഭർത്താവിനോടൊപ്പമുള്ള ബാർ സന്ദർശനം അവർ ഉപേക്ഷിച്ചു; തുടർന്ന് പന്നി മാംസവും വർജ്ജിച്ചു. തന്റെ ഭാര്യയിൽ സംജാതമായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ 'ഏതോ അജ്ഞാത സുഹൃത്ത്' സംഭാവന ചെയ്തതാണെന്ന സംശയത്താൽ അവരുടെ ഭർത്താവ് അസൈലിമിയിൽ നിന്നും ഒഴിഞ്ഞു മാറുകയും ക്രമേണ അയാൾ വേറേ താമസം ആരംഭിക്കുകയും ചെയ്തു.

         സംവാദത്തിനു വേണ്ടിയും സഹപാഠികളായ  അറബികളെ 'സംസ്കാരികായി ഉന്നതിയിലെത്തിക്കാനും' അസൈലിമി തുടങ്ങിയ ഇസ്ലാമിക പഠനം അതോടെ വഴിത്തിരിവിൽ എത്തി. ഇസ്ലാമിന്റെ ധന്യ ശാന്തതയിലേക്കുള്ള പ്രവേശനമായി അതു മാറാൻ അധിക കാലം എടുത്തില്ല. 1977 മെയ് മാസത്തിൽ അസൈലിമി എന്ന ബാപ്റ്റിക് കൃസ്ത്യാനി അമീന ആയി രൂപാന്തരപ്പെട്ടു. അമീന അസൈലിമി എന്ന നാമധേയം സ്വീകരിച്ച അവർ താൻ കണ്ടെത്തിയ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഒരു പ്രബോധകയുടെ ഉത്തരവാദിത്വം തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു.

     അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ് കാസ്റ്റിങ്ങ് ജേർണലിസ്റ്റായിരുന്ന അസൈലിമി അമീനയായി മാറിയതോടെ പല മേഖലകളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. വളരെ യാഥാസ്തിഥിക ക്രൈസ്തവ കുടുംബമായിരുന്നു അമീന അസൈലിമിയുടേത്. മകൾ മുസ്ലിമായതറിഞ്ഞ പിതാവ്  ശക്തമായാണ് പ്രതികരിച്ചത്. ഇരട്ടക്കുഴൽ തോക്കുമായി അമീനയെ വധിക്കാൻ തന്നെ അയാൾ പുറപ്പെട്ടു. പക്ഷേ ചരിത്ര നിയോഗം തന്നിലേക്ക് ഏല്പിച്ചിരിക്കുന്ന ദൈവം തമ്പുരാന്റെ കാവൽ അമീന അസൈലിമിയെ ഒരു പോറൽ പോലും ഏല്പിക്കാതെ കാത്തു രക്ഷിച്ചു.
        
         അമീനയെ തന്ത്രപൂർവം മാനസികരോഗാശുപത്രിയിൽ എത്തിക്കാനാണ് അവരുടെ സഹോദരി ശ്രമിച്ചത്. 'അറേബ്യൻ മാനിയ' താങ്ങാനാകാതെ അമീനയുടെ മാതാവും മുത്തശ്ശിയും ചീത്തവാക്കുകളും ശാപവചനങ്ങളും ചൊരിഞ്ഞുകൊണ്ട് അമീനയെ തള്ളിപ്പറഞ്ഞു  വേർപിരിഞ്ഞു.        

         കോപാകുലനായ ഭർത്താവ് ഇതിനകം തന്നെ വിവാഹ മോചനത്തിനായി കോടതി കയറിക്കഴിഞ്ഞിരുന്നു. തന്റെ തീരെ ചെറിയ കുഞ്ഞുങ്ങൾ അമീനക്കു ജീവനായിരുന്നു. പക്ഷേ  അവരെ വിട്ടു കൊടുക്കാൻ ഭർത്താവ് തയ്യാറായില്ല. ഇസ്ലാം മതം ഉപേക്ഷിച്ചു വന്നാലേ കുട്ടികളെ വളർത്താനുള്ള അവകാശം നൽകൂ എന്ന് കോടതി  അമീനയോട്   ശക്തമായി പറഞ്ഞു. കോടതി നൽകിയ ആനുകൂല്യം  രസാവഹമായിരുന്നു. 20 മിനിറ്റു നേരം അമീനയ്ക്കു പുനരാലോചനക്ക് സമയം നൽകി! പുതിയ മതം ഉപേക്ഷിച്ച് ഈ സമയ പരിധിക്കുള്ളിൽ വന്നാൽ കുട്ടികളുമായി പോകാമെന്നും അല്ലാത്ത പക്ഷം കുട്ടികളെ ഭർത്താവിനു നൽകുമെന്നും നൊന്തു പെറ്റ ഒരു മാതാവിനോട് കോടതി പറഞ്ഞപ്പോൾ അമീന നാഥനിൽ തന്നെ അഭയം തേടി. അല്ലാഹുവിന്റെ ഇച്ഛക്കു വിരുദ്ധമായൊരു ജീവിതം അമീന അസൈലിമിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ 20 മിനിറ്റുകൾക്കു ശേഷം വിശ്വാസ ദാർഢ്യത്തോടെ. ഹൃദയത്തിന് ചാഞ്ചല്യമില്ലാതെ വെറും കയ്യോടെ അവർ കോടതിയുടെ നീണ്ട പടികൾ ഇറങ്ങി. മനുഷ്യാവകാശ സംരക്ഷകർ എന്നു് വീമ്പിളക്കുന്ന അമേരിക്കയിലെ മനുഷ്യത്വ രഹിതമായ  ഈ കോടതി വിധി ഇരട്ടത്താപ്പിന്റെ മറ്റൊരു പര്യായമായി നമുക്ക് വിശേഷിപ്പിക്കാം.






      ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ തുടർന്നും അമീന അസിലിമി വേട്ടയാടപ്പെട്ടൂ കൊണ്ടിരുന്നു. ഇസ്ലാമിക വേഷം ധരിച്ച് ജോലി സ്ഥലത്തെത്തിയ അവരെ സ്വീകരിച്ചത് പിരിച്ചു വിടൽ നോട്ടീസ് ആയിരുന്നു. അങ്ങനെ ഒരിക്കൽ കൂടി വിശാല ഹൃദയമുള്ളവർ എന്നു നടിക്കുന്ന വെള്ളക്കാരന്റെ തനിനിറം അമീന തിറിച്ചറിഞ്ഞു. അലറുന്ന ആഴിത്തിരകൾക്കിടയിലെ നിയന്ത്രണം നഷ്ടപ്പെട്ട പായ്ക്കപ്പൽ പോലെ അമീനയുടെ ജീവിതം പ്രക്ഷുബ്ധമായി മാറി. പക്ഷേ ഒരിക്കലും അവർ തന്റെ നാഥനെയോ ദൈവിക ദർശനത്തെയോ തള്ളിക്കളയാൻ തയ്യാറായില്ല. മാതാപിതാക്കൾക്കും സഹോദരിക്കും മുൻഭർത്താവിനും എല്ലാം അവർ തുടർച്ചയായി കത്തുകളും കാർഡുകളും അയച്ചു കൊണ്ടിരുന്നു. അവയിലൊക്കെയും വിശുദ്ധ ഖുർആനിന്റെ വിസ്മയ ആശയങ്ങളുടെ ജീവൻ തുടിക്കുന്ന സന്ദേശങ്ങളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. അവ ക്രമേണ അമീനയുടെ കുടുംബാംഗങ്ങളിൽ ഒരോരുത്തരുടെയും ഹൃദയങ്ങളിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങി.
     
  നാഥൻ അത്ഭുതകരമായ മാറ്റമാണ് അമീന അസൈലിമിയുടെ കുടുംബത്തിൽ ഉണ്ടാക്കിയത്. ആദ്യമായി അവരുടെ മുത്തശ്ശി ഇസ്ലാമിന്റെ വെള്ളി വെളിച്ചത്തിലേക്ക് കടന്നുവന്നു. കൊച്ചുമകളുടെ മുമ്പാകെ സത്യ സാക്ഷ്യം മൊഴിഞ്ഞ അവർ വൈകാതെ മരണപ്പെടുകയും ചെയ്തു.
   
      ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്ന അമീനയുടെ മാതാവ് ഇസ്ലാം പുൽകാൻ സന്നദ്ധയായി. അവർ മകളെ രഹസ്യമായി ഫോൺ ചെയ്തു വിവരം അറിയിച്ചു. അമീന അവർക്കു സാക്ഷ്യ വചനങ്ങൾ പറഞ്ഞു കൊടുത്തു. തൊട്ടു പിറകെ അമീനയുടെ അമ്മയുടെ രണ്ടാം ഭർത്താവും രഹസ്യമായി ഇസ്ലാംമതം സ്വീകരിച്ചു.  ഇരുവരുടെയും മതം മാറ്റം കുറേക്കാലത്തേക്ക് അവർ പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് കൗതുക കരമായ മറ്റൊരു കര്യം. 
        
         അമീന അസൈലിമിയുടെ കത്തുകൾ കഠിന ഹൃദയനായ പിതാവിനെയും പിടിച്ചുലച്ചു. ഒരു പ്രഭാതത്തിൽ അദ്ദേഹം മകളെ തേടിയെത്തി. മുസ്ലിം ആയതിന്റെ പേരിൽ ഇരട്ടക്കുഴൽ തോക്കുമായി വർഷങ്ങൾക്ക് മുമ്പ്മകളെ കൊല്ലാൻ തുനിഞ്ഞിറങ്ങിയ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.കലിമ ഉച്ചരിക്കുമ്പോൾ ആ മനുഷ്യന്റെ ചുണ്ടുകൾ  പശ്ചാത്താപത്താൽ  വിറയാർന്നിരുന്നു. പിരിയുമ്പോൾ, ആ പിതാവ് മകളോട് ചെയ്ത ക്രൂരതകളൊക്കെ അല്ലാഹുവിനോട് തുറന്നു പറഞ്ഞ് ഹൃദയത്തിലെ കറകളും ഭാരങ്ങളും നീക്കം ചെയ്ത് ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.
      
        അമീനയുടെ കത്തുകൾ  ബന്ധുക്കൾക്കും പരിചയക്കാർക്കും നിരന്തരം ലഭിച്ചു കൊണ്ടിരുന്നു. അതിന് പ്രതികരണം എന്ന നിലയിൽ നിരവധി പേർ അവരെ തേടിയെത്തി ഇസ്ലാം സ്വീകരിച്ചു കൊണ്ടിരുന്നു. ഒരു ദിനം കുനിഞ്ഞ ശിരസ്സോടെ തന്നെ കാണാൻ വന്ന ആഗതനെ കണ്ട് അമീന അസൈലിമി ശരിക്കും ഞെട്ടി. തന്റെ  മുൻ ഭർത്താവ്...! താൻ ഒരു മുസ്ലിം ആയ സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ നാഥന് നന്ദി പറയാൻ അമീന ആകാശത്തിലേക്ക് കൈകൾ ഉയർത്തി. ദൈവിക ദർശനത്തിന്റെ  വെളിച്ചത്തിൽ തരളിതനായ ആ മനുഷ്യൻ താൻ ചെയ്ത തെറ്റകൾക്ക് അമീനയോട് മാപ്പ്  അഭർഥിച്ചു. 

    വിവാഹ മോചനത്തിനു ശേഷം മറ്റൊരാളെ വിവാഹം ചെയ്ത അമീന അസൈലിമിക്ക് ആ ബന്ധത്തിൽ ഒരു മകൻ ജനിച്ചിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ക്രൂരനായ ഒരു ജഡ്ജി വഴി പിരിച്ച തന്റെ മക്കളിൽ ഒരാളെ മുസ്ലിമായി തന്നെ അമീനക്ക് തിരിച്ചു  കിട്ടി. ഭ്രാന്തി എന്ന മുദ്രകുത്തി  അമീനയെ  ചങ്ങലയിൽ തളക്കാൻ ആവുന്നത്ര ശ്രമിച്ച സഹോദരിയും ഇസ്ലാമിന്റെ തണലിലേക്ക്  നടന്നടുത്തു. കൊടുങ്കാറ്റുകൾ ആഞ്ഞു വീശിയിട്ടും സ്രഷ്ടാവിന്റെ മാർഗത്തിൽ സ്ഥൈര്യതൊടെ നിലകൊണ്ട അമീന അങ്ങനെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.





കടുത്ത ഇസ്ലാമോഫോബിയ വേട്ടയാടുന്ന അമേരിക്കൻ മനസ്സുകളിൽ ഒരു സുഖ ശീതള സ്പർശമായി നിറഞ്ഞു നിന്ന പ്രബോധകയായിരുന്നു അമീന അസൈലിമി. ഇവരുടെ ശ്രമഫലമായാണ് അമേരിക്കൻ ഐക്യ നാടുകളുടെ തപാൽ വകുപ്പിൽ ഈദുൽ ഫിത്വർ സ്റ്റാമ്പ് പുറത്തിറക്കാൻ ചരിത്രത്തിൽ ആദ്യമായി 2009 ൽ ആ രാജ്യം തയ്യാറായത്. 
        
         താൻ വിശ്വസിച്ച ആദർശത്തിനു സ്വന്ത ജീവിതം കൊണ്ട് വ്യാഖ്യാനം എഴുതിയ അമീന കടന്നു പോയ വഴികളിലൊക്കെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശുകയായിരുന്നു.

    "ഇസ്ലാം എന്റെ ശക്തിയും ഊർജവുമാണ്...അതെന്റെ ജീവിതത്തെ അർഥ സമ്പൂർണവും മനോഹരവും ആക്കി മാറ്റി."

അമീന അസൈലിമിയുടെ ഈ വാക്കുകളും അവരുടെ ജീവിതാനുഭവങ്ങളും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ തേജസ്സുറ്റതാക്കുന്നു.

      2010 മർച്ച് 5 ന് പുലർച്ചെ 3 മണിക്കു് ഒരു കാർ അപകടത്തെ തുടർന്ന് നമ്മുടെ പ്രിയ സഹോദരി ഈ ലോകത്തോട് വിട പറഞ്ഞു. സ്വർഗത്തിലെ ഏറ്റവും ഉന്നതമായ പദവി നൽകി അമീന അസൈലിമി  എന്ന പ്രബോധകയെ  അനുഗ്രഹിക്കാൻ കരുണാനിധിയായ അല്ലാഹുവിനോട് നാം ഓരോരുത്തരും പ്രാർത്ഥിക്കുക...

Thursday, October 4, 2012

ദൈവം എകനാണ്.




അളവറ്റ ദയാപരനായ പ്രപഞ്ചനാഥന്റെ നാമത്തിൽ..


ദൈവം എകനാണ്.

   ഏക ദൈവത്തിനു മാത്രമേ പ്രപഞ്ചത്തെ നേർവഴിയിലേക്കു നയിക്കാൻ കഴിയൂ. ഒരു വാഹനത്തിനു മുന്നിലും പിന്നിലും സ്റ്റിയറിംഗ് ഘടിപ്പിച്ച് ഒന്നിലേറെ ഡ്രൈവർമാർ അതിനെ നയിച്ചാൽ ആ വാഹനം മുന്നോട്ടോ പിന്നോട്ടോ പോകുകയില്ല എന്നത് ഏത് വ്യക്തിക്കും അറിയാവുന്നതാണ്. ഒരു പ്രധാന മന്ത്രിയോ, ഒരു പ്രസിഡന്റോ നാടു ഭരിക്കേണ്ടിടത്ത് അത്തരം ചുമതലക്കാർ  ഒന്നിലേറെ ഉണ്ടായാൽ അവിടെ പ്രതിസന്ധി ഉണ്ടാകുമെന്ന് യുക്തിപൂർവം പറയുന്ന മനുഷ്യർ തന്നെ ബഹു ദൈവങ്ങളെ ആരാധിക്കുന്നതിൽ വൈരുദ്ധ്യം ദർശിക്കുന്നില്ല.
                 
   ദൈവം അനാദിയും അവസാനമില്ലാത്ത പ്രതിഭാസവും കാരുണ്യനിധിയും തന്റെ സൃഷ്ടികളോട് അനുകമ്പ ചൊരിയുന്നവനും ആണ്. അവനു മയക്കമോ, ക്ഷീണമോ ഇല്ല. യതൊരു സഹായികളെയും ആവശ്യവുമില്ല.ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ്. താൻ സൃഷ്ടിച്ച ഓരോ ജീവികളുടെയും ഹൃദയസ്പന്ദനങ്ങളും വികാര വിചാരങ്ങളും തിരിച്ചറിയാൻ യാതൊരു ഇടനിലക്കാരന്റെയും ആവശ്യമില്ലാത്ത കരുണാ വാരിധിയായ ദൈവം തമ്പുരാനെ വിളിച്ചു പ്രാർഥിക്കാൻ എല്ലാ സൃഷ്ടികൾക്കും തുല്യ അവകാശമാണുള്ളത്. ആഫ്രിക്കയിലെ കറുത്തവനും ഇംഗ്ലണ്ടിലെ  വെളുത്തവനും കണ്ണുകൾ പൂർണമായി തുറന്നിട്ടില്ല എന്നു തോന്നിപ്പിക്കുന്ന ചൈനാക്കാരനും എല്ലാം ദൈവത്തിന്റെ കോടതിയിൽ സമന്മാരാണ്.


   
                               (ഫോട്ടോ  കടപ്പാട് : ഗൂഗിൾ)

  ഒരാളെ കൊല്ലുന്നവനെയും ആയിരം പേരെ കൊലപ്പെടുത്തുന്നവനെയും മനുഷ്യ നിർമ്മിതമായ കോടതികളിൽ ഒരു പ്രാവശ്യം മാത്രമേ വധശിക്ഷക്കു വിധേയനാക്കാൻ കഴിയൂ. നാം ചെയ്യുന്ന ഒരു അണുമണിത്തൂക്കം നന്മയും അതുപോലെ തന്നെ തിന്മയും കൃത്യമായി രേഖപ്പെടുത്തി ഒരന്ത്യ വിധി നടപ്പാക്കാൻ കഴിയുന്ന സർവ ശക്തനാണ് അല്ലാഹു. മുസ്ലിങ്ങൾക്കു മാത്രം ഉള്ള ഒരു ദൈവമല്ല ഇത്. അല്ലാഹുവിൽ വിശ്വസിച്ചവർക്കും അല്ലാത്തവർക്കും ദൈവത്തെ നിഷേധിക്കുന്നവർക്കും എല്ലാം സ്രഷ്ടാവ് ഈ ലോകത്ത് അനുഗ്രഹങ്ങൾ ചൊരിയുന്നു.

  വെള്ളവും വെളിച്ചവും ജീവ വായുവും പ്രകൃതി വിഭവങ്ങളും നൽകുന്നു. കേവലം സൃഷ്ടികളെ ആരാധിക്കുന്നത്, മനുഷ്യ നിർമിതമായ കഥകളിൽ ആകൃഷ്ടരായി പ്രാദേശിക മൂർത്തികളിൽ അഭയം തേടുന്നത്, സങ്കുചിതമായ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്ന് ഏകദൈവത്തെ നിഷേധിക്കുന്നത് - ഇവയെല്ലാം എന്നെയും നിങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനോടുള്ള നന്ദികേടാണ്.

  വെറും സൃഷ്ടികളെ ആരാധിക്കുകയും ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരായി വികലമായ വിശ്വാസധാരയിലേക്കു് ജീവിതത്തെ വഴിനടത്താനും തുനിഞ്ഞാൽ ഈ ലോകവും പരലോകവും നഷ്ടപ്പെട്ടവരായി നാം അധ:പതിക്കും. നന്മ തിരിച്ചറിയാനും ഉൾക്കൊള്ളാനും നമുക്ക് ഏവർക്കും കഴിയുമാറാകട്ടെ...

Wednesday, October 3, 2012

ദൈവത്തെ കണ്ടെത്താൻ...


അളവറ്റ ദയാപരനായ പ്രപഞ്ചനാഥന്റെ നാമത്തിൽ...



മതങ്ങൾ  പലതുണ്ട്...

  അവയെ ദൈവികവും മനുഷ്യ നിർമിതവുമായ നിലയിൽ തരം തിരിക്കാവുന്നതാണ് .
മനുഷ്യരിൽ ഏകദൈവ വിശ്വാസികളും ബഹുദൈവ ആരാധകരും ഉൾപ്പെടുന്നു. സാക്ഷാൽ എകദൈവത്തെ ആരാധിക്കുകയും മാനവകുലത്തെ സമത്വബോധത്തോടെ വീക്ഷിക്കുകയും ചെയ്യുന്നവരും സങ്കുചിതമായ ജാതി-കുല മഹിമകൾ വാഴ്ത്തിപ്പാടുന്നവരും വിശ്വാസികളുടെ വകഭേദങ്ങളാണ്.



     

  ജീവനുള്ളവയെയും ജീവനില്ലാത്തവയെയും ആൾ ദൈവങ്ങളെയും ആരാധിക്കുന്ന, അതിൽ സായൂജ്യം കണ്ടെത്തുന്ന, സത്യം തിരിച്ചറിയാതെ പരസ്പരം തല തല്ലിക്കീറുന്നവരാണ്  നാം. ആൾ ദൈവങ്ങൾ എന്ന അവകാശവാദം ഉന്നയിക്കുന്ന ഒരാൾക്കും ഒരു ചത്ത ഈച്ചയെ പോലും ജീവിപ്പിക്കാൻ കഴിയുന്നില്ല! മലമൂത്ര വിസർജ്ജനാദികളുള്ള, നോവും ചാവുമുള്ള , ജരാനരകൾ ബാധിച്ച് ഇത്തിരി ആയുസ്സിനൊടുവിൽ നമ്മെ പോലെ മരണം പുൽകാൻ വിധിക്കപ്പെട്ടവരാണ് ഇക്കൂട്ടർ. പക്ഷേ ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും യാതൊരു യുക്തി ബോധവും ഇല്ലാതെ  ആൾ ദൈവങ്ങൾ എന്ന  ഇടുങ്ങിയ ചിന്തയിൽ ഊന്നിയാണ് ജീവിക്കുന്നത്.

 കല്ലും കരടും കാഞ്ഞിര വേരും മുള്ളും മുരടും മൂർഖൻ പാമ്പുമൊക്കെ നമ്മുടെ രക്ഷകരായി വരുന്ന ഇടങ്ങളിലാണ് സങ്കുചിതത്വം തല പൊക്കുന്നത്. 

  ഒരു ലോകം, ഒരു മനുഷ്യർ, ഒരു രക്ഷകൻ -കറുത്തവനും വെളുത്തവനും ഭേദങ്ങളില്ലാത്ത, അടിമക്കും ഉടമക്കും തുല്യതയുള്ള, സമ്പന്നനും ദരിദ്രനും അതിർ വരമ്പുകളില്ലാത്ത - വിശ്വാസത്തിന്റെ തീക്ഷ്ണതയും സ്ഥൈര്യവും  കൊണ്ടു മാത്രം   വിഭിന്നമാകുന്ന ഒരു സംസ്കാരം : അതാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്.

    സത്യം എപ്പോഴും ഒന്നു മാത്രം ആയിരിക്കും. എത്ര വകഭേദങ്ങൾ നാം സ്വയം സൃഷ്ടിച്ചാലും ദൈവത്തിന്റെ മുന്നിൽ കറുത്തവനും വെളുത്തവനും തുല്യർ തന്നെ. ദൈവം ഏകനാണ്... അനശ്വരനും സർവശക്തനും സകല ചരാചരങ്ങളോടും നേരിട്ടിടപെടുകയും ചെയ്യുന്ന കാരുണ്യക്കടലാണ് ...

     ആ മഹാശക്തി അറിയാതെ ഒരു ഇല പോലും ചലിക്കുന്നില്ല എന്നതാണ് വാസ്തവം. കൂരിരുട്ടിൽ കരിമ്പാറയുടെ മുകളിലൂടെ ഇഴയുന്ന കറുത്ത പുഴുവിന്റെ ഹൃദയ വ്യാപാരങ്ങൾ പോലും ദൈവം മനസ്സിലാക്കുന്നു.

Sunday, September 16, 2012

സമാധാനത്തിലേക്ക് തുറക്കുന്ന വാതിൽ


അളവറ്റ ദയാപരനായ പ്രപഞ്ചനാഥന്റെ നാമത്തിൽ..



  ലോകത്തിലെ സകല ചരാചരങ്ങൾക്കും അനുഗ്രഹവും കാരുണ്യവുമായാണ് തിരുദൂതർ മുഹമ്മദ് നബി (സ.അ.) ഭൂജാതനായത്.


  കാലുഷ്യമാർന്ന, ജീർണത മുറ്റിയ സമൂഹത്തിൽ കേവലം ഇരുപത്തിമൂന്നു വർഷക്കാലം കൊണ്ട് പരിവർത്തനത്തിന്റെ പരാഗരേണുക്കൾ വർഷിച്ച ആ ധന്യജീവിതം നമുക്കു പകർന്നു നൽകിയത് ആദർശത്തിന്റെയും സമൂല വിമോചനത്തിന്റെയും പ്രായോഗിക അധ്യായങ്ങളായിരുന്നു.

  അതിജീവിക്കാനാകാത്ത സകല മാനുഷിക പ്രത്യയശാസ്ത്രങ്ങളെയും മുൻകാല ദൈവിക ഗ്രന്ഥങ്ങളിലെ കൈകടത്തലുകളെയും നിഷ്പ്രഭമാക്കി വിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അത്യുന്നത സാംസ്കാരിക ബോധം ഇഴചേർത്ത ജീവിതക്രമം പ്രായോഗികമാക്കി മാനവ രാശിക്ക് സമർപ്പിച്ചു .

  ധിഷണയുടെ, ദാർശനികതയുടെ, യാഥാർത്ഥ്യ ബോധത്തിന്റെ കയ്യൊപ്പു പതിഞ്ഞ ആ പാത പിൻപറ്റാൻ ലോകം എക്കാലവും കാതോർക്കുന്നത് മുൻവിധികളില്ലാത്ത അന്വേഷണാത്മകതയിൽ ഊന്നിയാണ്. എന്നാൽ ചിലർക്ക് പ്രവാചക ജീവിതത്തിന്റെ ഉള്ളറിയാൻ ഇപ്പോഴും നേരം പുലർന്ന ചിന്താശേഷിയില്ല. അത്തരക്കരുടെ ശ്രദ്ധയിലേക്ക് ഈ ബ്ലോഗ് സമർപ്പിക്കുന്നു.

ബാക്കി കാര്യങ്ങൾ പിന്നാലെ ചർച്ച ചെയ്യാമെന്ന വിശ്വാസത്തോടെ...

സ്നേഹ പൂർവം
വേ ഓഫ് ട്രൂത്ത്